രാമനാട്ടുകര: തുടര്‍ച്ചയായി അഞ്ചാംതവണയും ദേശീയമീറ്റില്‍ പങ്കെടുത്ത് നാടിന്റെ യശസ്സ് ഉയര്‍ത്തിയൊരു വുഷുതാരമുണ്ട് വാഴയൂരില്‍. വാഴക്കാട് കുടുംബാരോഗ്യകേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ വാഴയൂര്‍ പാറപ്പുറത്ത് കൃഷ്ണന്റെയും ബിനിയുടെയും മകളായ മാളവികയാണത്.

2017-ല്‍ വാഴയൂര്‍ വുഷുക്ലബ്ബിലാണ് മാളവിക പരിശീലനം തുടങ്ങിയത്. പരിസരത്തെ കുട്ടികള്‍ക്കൊപ്പം ഒരുനേരംപോക്കിനെന്നോണം പോയിത്തുടങ്ങിയതാണിവിടെ. മികച്ച പ്രകടനം കാഴ്ചവെച്ചുതുടങ്ങിയതോടെ മാതാപിതാക്കളും പരിശീലകരും പ്രോത്സാഹനം നല്‍കി. അതോടെ മാളവിക നേട്ടങ്ങള്‍ സ്വന്തമാക്കിത്തുടങ്ങി.

പരിശീലനം തുടങ്ങിയ 2017-ല്‍തന്നെ സംസ്ഥാന സബ്ജൂനിയര്‍ വുഷു ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണമെഡല്‍ നേടുകയും ജമ്മുവില്‍ നടന്ന ദേശീയതലമത്സരത്തില്‍ പങ്കെടുക്കുകയും ചെയ്തു. 2018-ല്‍ സംസ്ഥാന സബ് ജൂനിയര്‍ ബോക്സിങ് ചാമ്പ്യനായി. ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ സീനിയര്‍ സ്‌കൂള്‍ ഗെയിംസ് വുഷു ചാമ്പ്യന്‍ഷിപ്പില്‍ കേരള ടീം ക്യാപ്റ്റനായതും അതേവര്‍ഷംതന്നെയാണ്. 2019-ല്‍ കൊല്‍ക്കത്തയില്‍ നടന്ന ദേശീയതലമത്സരത്തില്‍ പങ്കെടുത്തു. കോവിഡ് കാരണം 2020-ലെ മത്സരങ്ങള്‍ നീണ്ടുപോയി. ഇതുമൂലം 2021-ല്‍ രണ്ടു ദേശീയമീറ്റില്‍ പങ്കാളിയാവാനവസരം ലഭിച്ചു. കഴിഞ്ഞ മാര്‍ച്ചില്‍ ജാര്‍ഖണ്ഡില്‍ നടന്ന ദേശീയ സബ്ജൂനിയര്‍ മത്സരത്തില്‍ കേരളത്തിനുവേണ്ടി വെങ്കലമെഡല്‍ നേടി. മാളവിക ഇപ്പോള്‍ പഞ്ചാബിലെ ലൗവ്ലി പ്രൊഫഷണല്‍ യൂനിവേഴ്സിറ്റിയിലെ ദേശീയ ജൂനിയര്‍ വുഷു മത്സരവേദിയിലാണ്.

കക്കോവ് പി.എം.എസ്.എ.പി.ടി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ഒമ്പതാംക്ലാസ് വിദ്യാര്‍ഥിയായ മാളവിക പഠനത്തിലും പാഠ്യേതര പ്രവര്‍ത്തനങ്ങളിലും ഒട്ടുംപിറകിലല്ല. എല്‍.എസ്.എസ്, യു.എസ്.എസ്.സ്‌കോളര്‍ഷിപ്പുകള്‍ നേടിയിട്ടുണ്ട്. ഈവര്‍ഷത്തെ കുസാറ്റ് ബോക്സിങ് ചാമ്പ്യനാണ് രണ്ടുതവണ ദേശീയതലത്തില്‍ പങ്കെടുത്തിട്ടുള്ള സഹോദരന്‍ സാരംഗ്. കേരള ടീം കോച്ചും നാഷണല്‍ വുഷു ജഡ്ജുമായ അഖില്‍ വാഴയൂര്‍ ആണ് ഇരുവരുടെയും പരിശീലകന്‍.

Content highlights: ramanattukara native malavika participated in wushu national meet in the fifth time