കൊറോണ രോഗം ഭേദമായി തിരിച്ചെത്തിയ ഭാര്യക്ക് വന്‍ വരവേല്‍പൊരുക്കി ഭര്‍ത്താവ്.  രജനീകാന്ത് ആരാധകന്‍ കൂടിയായ ഇയാള്‍ കബാലി സ്റ്റൈലിലാണ് സ്വീകരണം ഒരുക്കിയത്. സംഭവം കര്‍ണാടകയിലാണ്.

ഇവന്റ് മാനേജര്‍ കൂടിയായ രാമചന്ദ്ര റാവു, ഭാര്യ കലാവതിക്കാണ് ഇവരുടെ ഹൗസിങ് കോളനിയുടെ റോഡില്‍ റെഡ് കാര്‍പ്പെറ്റ് വിരിച്ച് സ്വീകരണമൊരുക്കിയത്. റെഡ് കാര്‍പ്പെറ്റ് മാത്രമല്ല പൂമാലയും, ചെണ്ടും താലപ്പൊലിയുമെല്ലാം ഒരുക്കിയിരുന്നു. 

കോവിഡ് വാര്‍ഡില്‍ ജോലി ചെയ്തിരുന്ന നഴ്‌സുകൂടിയായ കലാവതിക്ക് ആഴ്ചകള്‍ക്ക് മുമ്പാണ് കോറോണ സ്ഥിതീകരിച്ചത്. അതോടെ പത്ത് വയസ്സുകാരി മകളും രാമചന്ദ്രയും ആകെ പരിഭ്രമത്തിലായിരുന്നു. 

അതുവരെ സ്‌നേഹത്തില്‍ കഴിഞ്ഞ അയല്‍ക്കാരെല്ലാം ഇതോടെ മാറി നടന്നു തുടങ്ങി. ഇത് മനസ്സിലായതോടെയാണ് ആശുപത്രി വിട്ട ഭാര്യക്ക് സ്വീകരണമൊരുക്കാന്‍ രാമചന്ദ്ര തീരുമാനിച്ചത്. 

ആശുപത്രിയിലെത്തി പ്രധാന സര്‍ജനായ ഡോ. ടി.എ വീരഭദ്രയ്യ, നഴ്‌സുമാര്‍, മറ്റ് ജീവനക്കാര്‍ എന്നിവര്‍ക്കെല്ലാം പഴങ്ങളും പൂമാലകളും നല്‍കിയാണ് ഇയാള്‍ സന്തോഷം അറിയിച്ചത്. 'ഞാന്‍ രജനീകാന്ത് സാറിന്റെ വലിയ ഫാനാണ്, കുടുംബത്തിന്റെ ഇഷ്ടങ്ങളാണ് എനിക്ക് പ്രധാനം, പ്രത്യേകിച്ചും എന്റെ ഭാര്യയുടെ. ഞങ്ങളുടെ വീട് പത്ത് ദിവസം സീല്‍ ചെയ്തു. ഭാര്യ സുഖമായി തിരിച്ചെത്താന്‍ ഞങ്ങള്‍ പ്രാര്‍ത്ഥനയോടെ കാത്തിരിക്കുകയായിരുന്നു.' രാമചന്ദ്ര റാവു പറയുന്നു. 

ഇവര്‍ താമസിക്കുന്ന സിരിരാമ നഗറിലെ താമസക്കാരെല്ലാം ഇയാളുടെ പ്രവര്‍ത്തിയെ അഭിനന്ദിക്കുകയാണ്. 

'മൂന്ന് മാസം ഞാന്‍ കൊറോണ രോഗികളുടെ വാര്‍ഡില്‍ ഡ്യൂട്ടി ചെയ്തു. ജോലിക്കിടയില്‍ ധാരാളം കൊറോണ രോഗികള്‍ സുഖമാകുന്നത്  കണ്ടിരുന്നു. അതുകൊണ്ട് എനിക്കും വേഗത്തില്‍ രോഗം ഭേദമാകുമെന്ന് വിശ്വാസമുണ്ടായിരുന്നു.'കലാവതി പറയുന്നു. ഓഗസ്റ്റ് ഒന്നുമുതല്‍ കലാവതി തിരിച്ച് ഡ്യൂട്ടിയില്‍ പ്രവേശിക്കും. 

കര്‍ണാടക മന്ത്രിസഭയുടെ ഒന്നാം വാര്‍ഷക ആഘോഷത്തില്‍ മുഖ്യമന്ത്രി വി. എസ് യെദ്യൂരപ്പയുമായി വിര്‍ച്ച്വല്‍ സംഭാഷണം നടത്താന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് കലാവതിയിപ്പോള്‍.  

Content Highlights: Rajinikanth fan in Karnataka welcomes his Corona virus warrior wife in 'Kabali' style