കൊറോണക്കാലത്ത് സ്വന്തം സന്തോഷങ്ങള്‍ പരിത്യജിച്ച് ജീവന്‍ പോലും പണയപ്പെടുത്തി മുന്നില്‍ നിന്ന് പോരാടുന്ന പോരാളികളാണ് നമ്മുടെ ആരോഗ്യപ്രവര്‍ത്തകരും പോലീസുകാരുമെല്ലാം. ഗര്‍ഭിണിയായിട്ടും സ്വന്തം ആരോഗ്യം പോലും വകവയ്ക്കാതെ സേവനത്തില്‍ മുഴുകിയ പോലീസുകാരിയുടെയും നഴ്‌സിന്റെയും എല്ലാം വാര്‍ത്തകള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരുന്നു. ഇപ്പോള്‍ സ്വന്തം ഹല്‍ദി ചടങ്ങുകള്‍ സ്‌റ്റേഷനില്‍ തന്നെ നടത്തിയ പോലീസുകാരിയുടെ അനുഭവമാണ് വൈറലാകുന്നത്. 

രാജസ്ഥാനിലെ ദംഗര്‍പൂരിലാണ് സംഭവം. കൊറോണ രണ്ടാം വരവറിയിച്ചതോടെ ആഷ റോത്ത് എന്ന് പോലീസുകാരിക്ക് ലീവ് ലഭിക്കാതെയായി. ഹല്‍ദി ചടങ്ങുകള്‍ക്ക് പോകാന്‍ ലീവില്ലാത്തതിനാല്‍ ഡ്യൂട്ടിക്കിടെ സഹപ്രവര്‍ത്തകര്‍ തന്നെ യുവതിയുടെ ഹല്‍ദി ആഘോഷമാക്കുകയായിരുന്നു. 

പോലീസ് സ്‌റ്റേഷന് മുന്നില്‍ മഞ്ഞ വസ്ത്രമണിയിച്ച് ഒരു കസേരയില്‍ ആഷയെ ഇരുത്തിയിരിക്കുന്നത് വൈറലായ വീഡിയോയില്‍ കാണാം. യൂണിഫോമണിഞ്ഞ സഹപ്രവര്‍ത്തകരായ വനിതാപോലീസുകാര്‍ ചേര്‍ന്ന് ആഷയെ മഞ്ഞളില്‍ കുളിപ്പിക്കുന്നതും കാണാനാകും.  

കഴിഞ്ഞവര്‍ഷം കൊറോണ പടര്‍ന്നു പിടിച്ചതോടെ ആഷയുടെ വിവാഹം മാറ്റിവക്കുകയായിരുന്നു. എന്നാല്‍ ഈ വര്‍ഷം കൊറോണ രണ്ടാം വരവ് അറിയിച്ചതോടെ ആഘോഷങ്ങളൊന്നുമില്ലാതെ വിവാഹം നടത്താനായി തീരുമാനം. ഇതിനിടെ ലീവില്ലാത്തതിനാല്‍ ഹല്‍ദി നടത്താനാകുമോ എന്ന ആശങ്കയിലായിരുന്നു ആഷ. സഹപ്രവര്‍ത്തകര്‍ ചേര്‍ന്ന് ആഷയുടെ സങ്കടത്തിന് പരിഹാരം കാണുകയായിരുന്നു. ഈ മാസം അവസാനമാണ് ആഷയുടെ വിവാഹം നിശ്ചയിച്ചിരിക്കുന്നത്. 

Content Highlights:  Rajasthan police constable’s haldi was held at a police station