മ്മുടെ രാജ്യത്ത് ഇപ്പോഴും പെണ്‍കുട്ടികള്‍ക്കെതിരെയുള്ള വേര്‍തിരിവുകള്‍ ധാരാളം നിലനില്‍ക്കുന്നുണ്ട്. ഇതിനിടയിലാണ് രാജസ്ഥാനിലെ ഒരു കുടുംബം തങ്ങളുടെ കുടുംബത്തില്‍ മുപ്പത്തഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം ആദ്യമായി ജനിച്ച പെണ്‍കുഞ്ഞിന് വന്‍ വരവേല്‍പ് നല്‍കുന്നത്. കുഞ്ഞിനെ വീട്ടിലെത്തിക്കാന്‍ ഹെലികോപ്ടര്‍ ഒരുക്കിയ കുടുംബത്തെ പ്രകീര്‍ത്തിക്കുകയാണ് സോഷ്യല്‍ മീഡിയ.

ഹനുമന്‍ പ്രജാപതും ഭാര്യ ചുകി ദേവിയും കഴിഞ്ഞമാസമാണ് ഒരു പെണ്‍കുഞ്ഞിന്റെ മാതാപിതാക്കളായത്. രാജസ്ഥാന്‍ നാഗൂര്‍ ജില്ലാ ആശുപത്രിയിലാണ് കുഞ്ഞ് ജനിച്ചത്. പിന്നീട് ചുകി നാട്ടുനടപ്പനുസ്സരിച്ച് കുഞ്ഞിനൊപ്പം സ്വന്തം വീട്ടിലേക്ക് പോയി. കുഞ്ഞിനെയും ചുകിയേയും തിരിച്ച് ഭര്‍തൃഗൃഹത്തിലെത്തിക്കാനാണ് കുടുംബം ഹെലികോപ്ടര്‍ ഒരുക്കിയത്. നാല്‍പത് കിലോമീറ്റര്‍ ദൂരമായിരുന്നു കുഞ്ഞിന്റെ ഈ രാജകീയ ആകാശയാത്ര.

പ്രാദേശിക മാധ്യമങ്ങളുടെ റിപ്പോര്‍ട്ടുകളനുസരിച്ച് ഈ യാത്രക്കു വേണ്ടി കുടുംബം നാലരലക്ഷം രൂപ ചെലവാക്കിയതായാണ് കണക്കുകള്‍. 'പെണ്‍കുട്ടികളും ആണ്‍കുട്ടികളും ഒരുപോലെ തന്നെയാണ്. എന്നാല്‍ പെണ്‍കുഞ്ഞ് ജനിച്ചാല്‍ ആരും അത്രയൊന്നും സന്തോഷിച്ചു കാണാറില്ല. എന്നാല്‍ അത്തരം വേര്‍തിരിവുകള്‍ ശരിയല്ല. എന്റെ മകള്‍ പഠിച്ച് വളര്‍ന്ന് അവളുടെ സ്വപ്‌നങ്ങള്‍ നേടണമെന്നാണ് എന്റെ ആഗ്രഹം.' പിതാവ് പ്രജാപത് പി.ടി.ഐയോട് പറഞ്ഞു. 

Content Highlights: Rajasthan family books helicopter to bring home first girl child born in 35 years