കൊറോണ വൈറസ് സാധാരണ ജീവിതത്തെ ബാധിച്ചിട്ട് വര്‍ഷം ഒന്നായി. ഏറ്റവും കൂടുതല്‍ താറുമാറായ കാര്യങ്ങളിൽ വിവാഹ ആഘോഷങ്ങള്‍ മുൻപന്തിയിൽ തന്നെയുണ്ട്. ആളുകളുടെ എണ്ണവും മറ്റ് ആഘോഷങ്ങളും ചെലവുകളുമെല്ലാം കുറച്ച് വിവാഹങ്ങള്‍ വളരെ ലളിതമായി. മാത്രമല്ല വ്യത്യസ്തമായ കല്യാണങ്ങളും ഇക്കാലത്ത് അരങ്ങേറി. ഓണ്‍ലൈനായി താലി കെട്ടിയവരും ഒരാള്‍ കൊറോണ പോസിറ്റീവായതോടെ രണ്ട് മുറികളിലിരുന്ന് വിവാഹിതരായവരും വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു. രാജസ്ഥാനിലെ കെല്‍വാര കോവിഡ് സെന്ററില്‍ പിപിഇ കിറ്റണിഞ്ഞ് വിവാഹിതരാവുന്ന വധൂവരന്‍മാരുടെ വീഡിയോ ഇപ്പോള്‍ വൈറലാണ്. 

വധു കോവിഡ് പോസിറ്റീവായതോടെയാണ് പിപിഇ കിറ്റണിഞ്ഞ് ഇവര്‍ വിവാഹിതരാകാന്‍ തീരുമാനിച്ചത്. വരനും വധുവും മാത്രമല്ല വിവാഹത്തിന് കാര്‍മികനായ ആളും പങ്കെടുത്ത കുറച്ചാളുകളും എല്ലാം പിപിഇ കിറ്റ് ധരിച്ചാണ് എത്തിയത്. 

എഎന്‍ഐ പങ്കുവച്ച വീഡിയോയില്‍ പിപിഇ കിറ്റിനൊപ്പം വരന്‍ തലപ്പാവും ധരിച്ചിരിക്കുന്നത് കാണാം. ഇരുവരും ഫേസ് ഷീല്‍ഡും ഗ്ലൗസും ധരിച്ചിട്ടുണ്ട്. കൊറോണ പ്രോട്ടോക്കോളുകള്‍ പാലിച്ചുള്ള വിവാഹത്തെ അഭിനന്ദിക്കുകയാണ് വീഡിയോ കണ്ടവര്‍ എല്ലാം.

Content Highlights: Rajasthan Couple Gets Married Wearing PPE Kits After Bride Tests Positive