ബ്രിട്ടനിൽ ഏറ്റവുമധികം കാലം അധികാരത്തിലിരിക്കുന്ന ഭരണാധികാരിയാണ് തൊണ്ണൂറ്റിയഞ്ചുകാരിയായ എലിസബത്ത് രാജ്ഞി. കാര്യം ഇതാണെങ്കിലും തന്നെ വയസ്സിയാക്കുന്നതിനോട്  രാജ്ഞിക്ക് അത്ര താൽപര്യമില്ല. 'ഓൾഡി ഓഫ് ദി ഇയർ' പുരസ്കാരം നിഷേധിച്ചുകൊണ്ടുള്ള എലിസബത്ത് രാജ്ഞിയുടെ വാർത്തയാണ് ശ്രദ്ധിക്കപ്പെടുന്നത്. 

പ്രശസ്ത ബ്രിട്ടീഷ് മാ​ഗസിൻ സംഘടിപ്പിച്ച ഓൾഡി ഓഫ് ദി ഇയർ അഥവാ ആ വർഷത്തിലെ പ്രായം ചെന്നയാൾക്ക് കൊടുക്കുന്ന പുരസ്കാരമാണ് രാജ്ഞി ബഹുമാനപൂർവം നിരസിച്ചത്. അവനവന്റെ ഉള്ളിൽ തോന്നുന്നതാണ് യഥാർഥ പ്രായമെന്നും പുരസ്കാരം നേടാനുള്ള മാനദണ്ഡത്തിൽ‌ താൻ എത്തിച്ചേർന്നിട്ടില്ലെന്നും പറഞ്ഞ രാജ്ഞി അർഹിക്കപ്പെട്ടയാളിൽ പുരസ്കാരം എത്തിച്ചേരട്ടെ എന്നും ആശംസിച്ചു. 

രാജ്ഞിയുടെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറിയായ ലെയിങ് ബേക്കറാണ് ഇതുസംബന്ധിച്ച് മാ​ഗസിൻ അധികൃതർക്ക് കത്തയച്ചത്. പൊതുസമൂഹത്തിന് പ്രത്യേക സംഭാവന നൽകുന്ന പ്രായമായവർക്ക് നൽകുന്ന പുരസ്കാരമാണിത്. ഏപ്രിലിൽ മരിച്ച രാജ്ഞിയുടെ ഭർത്താവ് ഫിലിപ്പ് രാജകുമാരൻ 2011 ൽ ഈ പുരസ്കാരം നേടിയിരുന്നു. അന്ന് അദ്ദേഹത്തിന് തൊണ്ണൂറു വയസ്സായിരുന്നു പ്രായം. 

പുരസ്കാരം രാജ്ഞി നിഷേധിച്ചതോടെ ഫ്രഞ്ച് അമേരിക്കൻ അഭിനേത്രിയും നർത്തകിയുമായ ലെസ്ലി കാരണിന് സമർപ്പിക്കുന്നതായി അധികൃതർ അറിയിച്ചു. തൊണ്ണൂറു വയസ്സാണ് ലെസ്ലിയുടെ പ്രായം. 

Content Highlights: Queen Elizabeth declines Oldie of the Year title