പാമ്പ് എന്നു കേള്‍ക്കുമ്പോഴേക്കും പിന്നെ ആ വഴിക്കു പോകാത്തവരാണ് മിക്കയാളുകളും. ഇനി ചിലര്‍ക്കാണെങ്കില്‍ അതിവിദഗ്ധമായി അവയോട് ഇടപഴകാനും കഴിവുണ്ട്. അത്തരത്തില്‍ ഒരു പെരുമ്പാമ്പിനെ കരുതലോടെ കൈകാര്യം ചെയ്യുന്ന യുവതിയാണ് സമൂഹമാധ്യമത്തില്‍ നിറയുന്നത്. കാലിനുള്ളില്‍ ചുറ്റിപ്പിടിച്ച പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതാണ് വീഡിയോയിലുള്ളത്. 

ക്യൂന്‍സ് ലാന്‍ഡ് പോലീസിന്റെ ഫേസ്ബുക് പേജിലൂടെയാണ് വീഡിയോ പുറത്തുവന്നിരിക്കുന്നത്. ഓസ്‌ട്രേലിയക്കാരിയായ യുവതിയുടെ കാലിലാണ് പെരുമ്പാമ്പ് ഇറുകിപ്പിടിച്ചത്. സംയമനത്തോടെ നില്‍ക്കുന്ന യുവതിയുടെ കാലില്‍ നിന്നും പോലീസ് ഉദ്യോഗസ്ഥ പെരുമ്പാമ്പിനെ നീക്കം ചെയ്യുന്നതും കാണാം. 

പെരുമ്പാമ്പിനു മുന്നില്‍ പെട്ട തന്റെ പൂച്ചയെ രക്ഷിക്കാന്‍ പോയതായിരുന്നു യുവതി. സ്വന്തമായി പാമ്പുകളെ വളര്‍ത്തുന്ന കക്ഷിക്ക് പാമ്പിനെ വഴിതിരിച്ചുവിടാനും ഭയം തോന്നിയില്ല. എന്നാല്‍ യുവതിയുടെ നീക്കത്തില്‍ ഭയംപൂണ്ട പെരുമ്പാമ്പ് കാലില്‍ ചുറ്റിപ്പിണഞ്ഞ് കിടക്കുകയായിരുന്നു. സ്വയം പാമ്പിനെ നീക്കാന്‍ കഴിയുന്നില്ലെന്ന് ബോധ്യം വന്നതോടെയാണ് യുവതി പോലീസ് സഹായം തേടിയത്. 

സുഹൃത്തോ മറ്റാരെങ്കിലുമോ തന്റെ കൂടെയുണ്ടായിരുന്നെങ്കില്‍ സ്വയം തന്നെ അതിനു മാറ്റിയേനെ എന്നും യുവതി വീഡിയോയില്‍ പറയുന്നതു കേള്‍ക്കാം. പോലീസ് ഉദ്യോഗസ്ഥ വേദനിപ്പിക്കാതെ എടുത്തു മാറ്റുന്ന പാമ്പിനെ യുവതി തന്നെ കാടിനുള്ളിലേക്ക് കയറ്റിവിടുന്നതും കാണാം. 

നിരവധി പേരാണ് വീഡിയോക്ക് കീഴെ കമന്റുമായെത്തിയിരിക്കുന്നത്. യുവതിയുടെ സ്ഥാനത്ത് താനായിരുന്നെങ്കില്‍ ബോധം കെട്ടേനെ എന്നും അവരുടെ ധീരതയെ അഭിനന്ദിച്ചേ മതിയാവൂ എന്നും കരുതലോടെ പാമ്പിനെ കൈകാര്യം ചെയ്ത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് സല്യൂട്ട് എന്നുമൊക്കെ പോകുന്നു കമന്റുകള്‍.

Content Highlights: Python wraps itself around woman’s leg Viral Video