ന്യൂഡൽ​ഹി: ഉത്തർപ്രദേശിൽ സ്ത്രീകൾ സുരക്ഷിതരല്ലെന്ന് കോൺ​ഗ്രസ് നേതാവ് പ്രിയങ്കാ ​ഗാന്ധി. ലൈം​ഗികാതിക്രമ കേസിൽ ലഖ്നൗ ബാപ്പു ഭവനിലെ ഉദ്യോ​​ഗസ്ഥൻ അറസ്റ്റിലായ പശ്ചാത്തലത്തിൽ പ്രതികരിക്കുകയായിരുന്നു പ്രിയങ്കാ ​ഗാന്ധി. 

സെക്രട്ടേറിയറ്റോ റോഡോ മറ്റേതു സ്ഥലങ്ങളോ ആയിക്കോട്ടെ ഉത്തർപ്രദേശിൽ സ്ത്രീകൾ സുരക്ഷിതരല്ല. സ്ത്രീസുരക്ഷാവിഷയങ്ങളിൽ സർക്കാരിന്റെ വാദങ്ങളുടെ യാഥാർഥ്യം ഇതാണ്. - പ്രിയങ്ക പറഞ്ഞു. 

ലൈം​ഗികാതിക്രമത്തെ തുടർന്നുള്ള പരാതി സമർപ്പിച്ചിട്ടും നടപടി ഉണ്ടാകാതിരുന്നതിന്റെ പേരിൽ ഉത്തർപ്രദേശിൽ നിന്നുള്ള ഒരു സഹോദരിക്ക് വീഡിയോ സംഭവത്തിന്റെ വീഡിയോ പകർത്തേണ്ടി വന്നു. എത്രത്തോളം ക്ഷമയും പോരാട്ടവീര്യവുമാകും അവൾ‌ക്കുണ്ടായിരിക്കുക- പ്രിയങ്ക ചോദിക്കുന്നു..

ഉത്തർപ്രദേശിലെ സ്ത്രീകൾ ഒറ്റക്കെട്ടായി ഈ അവസ്ഥയ്ക്കെതിരെ പോരാടാനും പ്രിയങ്ക ആഹ്വാനം ചെയ്യുന്നു. നീയൊരു പെൺകുട്ടിയാണ്, നിനക്ക് പോരാടാൻ കഴിയും. രാജ്യത്തിലെ എല്ലാ സ്ത്രീകളും നിനക്കൊപ്പം അണിചേരും. -പ്രിയങ്ക പറഞ്ഞു. 

ബാപ്പു ഭവനിലെ അണ്ടർ സെക്രട്ടറി തലത്തിലുള്ള ഇച്ചാരാം യാദവ് എന്ന ഉദ്യോ​ഗസ്ഥനാണ് കരാർ ഉദ്യോ​ഗസ്ഥയുടെ പരാതിയെ തുടർന്ന് അറസ്റ്റിലായത്. 2018 മുതൽ ഇച്ചാരാം തന്നെ മാനസികമായി പീഡിപ്പിക്കുന്നുണ്ടെന്നും അതിക്രമം നേരിടുന്നുണ്ടെന്നും കാണിച്ച് യുവതി പരാതി നൽകിയിരുന്നു. പരാതിപ്പെട്ടാൽ ജോലി തെറിപ്പിക്കുമെന്ന ഭീഷണിയുമുണ്ടായിരുന്നെന്ന് യുവതി പരാതിയിൽ പറഞ്ഞിരുന്നു. തുടർന്നാണ് തനിക്ക് നേരെ ലൈം​ഗിക അതിക്രമത്തിന് തുനിഞ്ഞ യാദവിന്റെ വീഡിയോ യുവതി പകർത്തി പരാതിപ്പെട്ടത്.

ഒക്ടോബർ 29ന് ഹുസൈൻ​ഗഞ്ജ് പോലീസ് സ്റ്റേഷനിലാണ് ഒന്നിൽപരം വീഡിയോകളുടെ തെളിവുകളോടെ യുവതി പരാതി സമർപ്പിച്ചത്. മുമ്പും നിരവധി തവണ പരാതിപ്പെട്ടെങ്കിലും ഉദ്യോ​ഗസ്ഥന്റെ സ്വാധീനത്തെത്തുടർന്ന് പരാതി പൂഴ്ത്തിവെക്കപ്പെടുകയായിരുന്നു. ഇതോടെയാണ് വീഡിയോ പകർത്തി തെളിവ് നൽകാൻ തീരുമാനിച്ചതെന്നും യുവതി പറഞ്ഞിരുന്നു. 

Content Highlights: priyanka gandhi women safety, women safety in uttar pradesh, priyanka gandhi congress, priyanka gandhi news