സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടിയുള്ള പോരാട്ടത്തെക്കുറിച്ച് വാചാലയാകാറുള്ള വനിതയാണ് കോൺ​ഗ്രസ് നേതാവ് പ്രിയങ്ക ​ഗാന്ധി. ഇപ്പോഴിതാ സ്ത്രീശക്തിയെക്കുറിച്ചുള്ള സന്ദേശം പങ്കുവെക്കുന്നൊരു വീഡിയോ പങ്കുവെക്കുകയാണ് പ്രിയങ്ക ​ഗാന്ധി. ഒരു ചെറിയ പെൺകുട്ടി സ്ത്രീകളുടെ അവകാശങ്ങളെക്കുറിച്ച് സംസാരിക്കുന്നതാണ് വീഡിയോയിലുള്ളത്. 

ഔദ്യോ​ഗിക ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിലൂടെയാണ് പ്രിയങ്ക വീഡിയോ പങ്കുവച്ചിരിക്കുന്നത്. സ്ത്രീശക്തിയെക്കുറിച്ച് ഏതാനും വരികൾ ചൊല്ലുന്ന പെൺകുട്ടിയാണ് വീഡിയോയിലുള്ളത്. പോരാടാൻ കഴിവുള്ള പെൺകുട്ടിയാണ് താനെന്നും പോരാടുന്ന ഓരോ പെൺകുട്ടികൾക്കുമൊപ്പം താൻ നിൽക്കും എന്നുമാണ് വീഡിയോയിൽ പറയുന്നത്. 

ഒരു ചെറിയ സുഹൃത്തിന്റെ സന്ദേശം എന്ന ക്യാപ്ഷനോടെയാണ് പ്രിയങ്ക വീഡിയോ പോസ്റ്റ് ചെയ്തത്. ഇത്തരം വിഷയങ്ങളിൽ അവബോധം പകരുന്ന വീഡിയോ പങ്കുവച്ച പ്രിയങ്കയെ നിരവധി പേർ അഭിനന്ദിച്ചു.

ഒപ്പം കുഞ്ഞുപ്രായത്തിൽ തന്നെ അവകാശങ്ങളെക്കുറിച്ച് ബോധവതിയായ പെൺകുട്ടിയെ അഭിനന്ദിക്കുന്നവരുമുണ്ട്. എല്ലാ പെൺകുട്ടികളും ഇത്തരത്തിൽ കുട്ടിക്കാലം മുതലേ തങ്ങളുടെ സ്ഥാനത്തെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചും ധാരണയുള്ളവർ ആയിരിക്കണമെന്നും അത്തരമൊരു സമൂഹത്തിലേ തുല്യതയുണ്ടാവൂ എന്നുമാണ് പലരും വീഡിയോക്ക് കീഴെ കമന്റ് ചെയ്യുന്നത്.

Content Highlights: Priyanka Gandhi shares video of little girl's powerful message