ഡയാന രാജകുമാരിയുമായുള്ള 1995-ലെ വിവാദപരമായ അഭിമുഖത്തിനുള്ള അവസരം വഞ്ചനയിലൂടെയാണ് നേടിയെടുത്തതെന്ന് കുറ്റസമ്മതം നടത്തി ബി.ബി.സി. ആ അഭിമുഖത്തിനായുള്ള അനുമതി മാധ്യമ പ്രവർത്തകനായ മാർട്ടിൻ ബഷീർ നേടിയെടുത്തത് വഞ്ചനയിലൂടെയാണെന്ന് ഒരു സ്വതന്ത്ര റിപ്പോർട്ട് കണ്ടെത്തിയതിനെ തുടർന്ന് ബിബിസി നിരപാധികം മാപ്പുപറയുകയായിരുന്നു.

ഡയാന രാജകുമാരിയുടെ സഹോദരൻ ഏൾ സ്പെൻസറെ വ്യാജ ബാങ്ക് സ്റ്റേറ്റ്മെന്റുകൾ കാണിച്ച് ചതിക്കുകയും അതിലൂടെ ഡയാന രാജകുമാരിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ബഷീർ വഴിയൊരുക്കുകയും ചെയ്തതായി ബോധ്യപ്പെട്ടു എന്ന് അന്വേഷണത്തിനായി നിയമിതനായ മുൻ ജഡ്ജി ജോൺ ഡൈസൺ പറഞ്ഞു. "ബഷീറിന്റെ ഭാഗത്ത് നിന്നുണ്ടായത് തെറ്റായ നടപടിയും ബി ബി സി മാർഗനിർദ്ദേശങ്ങളുടെ വ്യക്തമായ ലംഘനവുമാണ്"- അദ്ദേഹം കൂട്ടിച്ചേർത്തു.

"ആ അഭിമുഖം നേടിയെടുക്കുന്നതിന് സ്വീകരിച്ച മാർഗം പ്രേക്ഷകരുടെ പ്രതീക്ഷയ്ക്കൊത്തുള്ളതായിരുന്നില്ല എന്ന് ബി ബി സി ഡയറക്റ്റർ ജനറൽ ടിം ഡേവി അംഗീകരിച്ചു. "കാൽ നൂറ്റാണ്ടിന് ശേഷം ബി ബി സിയ്ക്ക് സമയം തിരിച്ചു വെയ്ക്കാൻ കഴിയില്ലെങ്കിലും ഞങ്ങൾ മാപ്പു പറയുകയാണ്.'' ടിം ഡേവി പറഞ്ഞു. പ്രിൻസ് രാജകുമാരനുമായുള്ള വിവാഹബന്ധം പരാജയമായിരുന്നു തുടങ്ങിയ സ്വകാര്യ ജീവിതത്തിലെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളാണ് ഡയാനയുമായുള്ള ആ അഭിമുഖത്തിൽ ഉണ്ടായിരുന്നത്.

അഭിമുഖം പുറത്തു വന്നതോടെ അമ്മയുടെ ജീവിതത്തെ വല്ലാതെ ബാധിച്ചു എന്നാണ് ഡയാന രാജകുമാരിയുടെ മൂത്തമകനായ വില്യം ഇതിനെ പറ്റി പ്രതികരിച്ചത്. ഞങ്ങളുടെ അമ്മയുടെ ജീവൻ നഷ്ടമായത് ഇത് മൂലമാണ് എന്നാണ് ഹാരി രാജകുമാരൻ ആരോപിച്ചത്.

ബ്രിട്ടീഷ് രാജകുടുംബത്തിലെ വംശീയവിവേചനത്തെ കുറിച്ച് വെളിപ്പെടുത്തലുകൾ നടത്തിയ മേ​ഗൻ മർക്കലിന്റെയും ഹാരി രാജകുമാരന്റയും അഭിമുഖം പുറത്തു വന്നതോടെ രാജകുടുംബം വലിയ വിവാദങ്ങളിലേക്ക് വീണിരുന്നു. ഇതിനൊപ്പം ഡയാന രാജകുമാരിയുടെ പഴയ അഭിമുഖത്തിന്റെ ഭാ​ഗങ്ങളും പ്രചരിച്ചിരുന്നു. മേ​ഗന്റെ അനുഭവത്തോട് സാദൃശ്യമുള്ളവയായിരുന്നു അവ.

Content Highlights:Princess Diana: BBC apologises over Martin Bashir interview