കൊറോണവൈറസ് മഹാമാരിക്കാലത്ത് പെണ്‍കുട്ടികളുടെ വിദ്യാഭ്യാസം നേരിടുന്ന വെല്ലുവിളികള്‍ക്കെതിരെ പോരാടാന്‍ മലാല യൂസഫ്സായിക്കൊപ്പം ചേര്‍ന്ന് ഹാരി രാജകുമാരനും മേഗന്‍ മര്‍ക്കലും. ലോക പെണ്‍കുട്ടി ദിനവുമായി ബന്ധപ്പെട്ടാണ് ഹാരിയും മേഗനും മലാലയുമായി വീഡിയോ ചാറ്റിലൂടെ ഈ വിഷയം സംസാരിച്ചത്. മലാല ഫണ്ടിന്റെ യൂട്യൂബ് ചാനലിലും വെബ്‌സൈറ്റിലും വീഡിയോ സംഭാഷണം ഒക്ടോബര്‍ 11 ന് കാണാനാകും.
കൊറോണ മാഹാമാരി പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തെ എത്രമാത്രം ബാധിച്ചു എന്നതാണ് വീഡിയോയിലെ ചര്‍ച്ചാ വിഷയം. 20 മില്യണ്‍ പെണ്‍കുട്ടികള്‍ കൊറോണക്കാലത്തിന് ശേഷം ക്ലാസ്മുറികളിലേക്ക് തിരിച്ചെത്തില്ല എന്നാണ് മലാല ഫണ്ടിന്റെ പഠനം.
മേഗന്‍ ഇപ്പോള്‍ ഹാരിയോടൊപ്പം കാലിഫോര്‍ണിയയിലാണ്. പെണ്‍കുട്ടികളുടെ വിദ്യാഭ്യാസത്തിനായുള്ള ക്യാംപയിനുകളില്‍ സജീവ പങ്കാളിയാണ് മേഗന്‍.
2011 മുതലാണ് ഐക്യരാഷ്ട്ര സഭ ഒക്ടോബര്‍ 11 ലോക പെണ്‍കുട്ടി ദിനമായി ആചരിച്ചു തുടങ്ങിയത്. ലോകമെങ്ങുമുള്ള പെണ്‍കുട്ടികളുടെ അവകാശങ്ങള്‍ സംരക്ഷിക്കാനും അവരുടെ പ്രശ്‌നങ്ങള്‍ സമൂഹത്തിന് മുന്നിലെത്തിക്കാനും ലക്ഷ്യമിട്ടാണ് ഈ ദിനം.
Content Highlights: Prince Harry and Meghan will join activist Malala Yousafzai in a videochat for girls rights