ഗര്‍ഭിണികള്‍ക്ക് പൊതുഗതാഗത സംവിധാനങ്ങളില്‍ പ്രത്യേക പരിഗണനയുള്ളതാണ്. ബസ്സുകളില്‍ ഗര്‍ഭിണികള്‍ക്കും അമ്മമാര്‍ക്കും കുഞ്ഞുങ്ങള്‍ക്കുമൊക്കെ പ്രത്യേകം സീറ്റുകളും അനുവദിച്ചിട്ടുണ്ട്. ചട്ടവും നിയമവുമൊക്കെ മാറ്റിവച്ചാലും മനുഷ്യത്വത്തിന്റെ പരിഗണന നല്‍കി ഗര്‍ഭിണികള്‍ക്ക് സീറ്റ് ഒഴിഞ്ഞു കൊടുക്കുന്നവരുമുണ്ട്. എന്നാല്‍ മനുഷ്യത്വം തൊട്ടുതീണ്ടാതെ സീറ്റിന്റെ പേരില്‍ ഗര്‍ഭിണികളോട് വഴക്കടിക്കുന്നവരും ചില്ലറയല്ല. അത്തരത്തിലൊരു വാര്‍ത്തയാണ് ഇപ്പോള്‍ സമൂഹമാധ്യമത്തില്‍ വൈറലാകുന്നത്.

എട്ടുമാസം ഗര്‍ഭിണിയായ ബ്രൈഡീ ലീ കെന്നഡി എന്ന യുവതിയാണ് സീറ്റിന്റെ പേരില്‍ അനാവശ്യ വഴക്കിനു മുതിര്‍ന്ന യുവാവിന് ചുട്ടമറുപടി നല്‍കിയത്. ലണ്ടന്‍ സ്വദേശിയായ ലീ ഒരു ടെലിവിഷനില്‍ ജോലി ചെയ്തുവരികയാണ്. കഴിഞ്ഞയാഴ്ച്ചയാണ് ലീയും സമാനമായൊരു അനുഭവത്തിലൂടെ കടന്നുപോയത്. ബസില്‍ ആകെയുണ്ടായിരുന്ന സീറ്റില്‍ വച്ച ബാഗു മാറ്റാന്‍ പറഞ്ഞതില്‍ നിന്നാണ് പ്രശ്‌നം തുടങ്ങുന്നത്. 

തനിക്ക് ഇരിക്കാനായി അല്‍പം നീങ്ങിത്തരിക പോലും ചെയ്തില്ലെന്നു മാത്രമല്ല അയാളുടെ ബാഗ് പോലും മാറ്റാന്‍ തയ്യാറായില്ല. ഇതോടെയാണ് ലീ  മറുത്തൊന്നും ചിന്തിക്കാതെ അയാളുടെ കയ്യില്‍ കയറി ഇരിക്കുന്നത്. 'അങ്ങനെ അവസാനം അതെന്റെ എട്ടാം മാസത്തില്‍ സംഭവിച്ചു' എന്നു പറഞ്ഞാണ് ലീ സംഭവം സമൂഹമാധ്യമത്തില്‍ പങ്കുവച്ചത്. 

ബസില്‍ ആകെ ഒഴിഞ്ഞിരുന്ന സ്ഥലത്താണ് യുവാവ് ബാഗ് വച്ചിരുന്നത്. അതു മാറ്റാന്‍ തയ്യാറാകാതിരുന്നതോടെ തനിക്കു മറ്റൊരു വഴിയില്ലാത്തതുകൊണ്ടാണ് അയാളുടെ ബാഗിലും കയ്യിലും കയറി ഇരിക്കേണ്ടി വന്നതെന്നു പറയുന്നു ലീ. 

എന്തായാലും സംഗതി പുറത്തുവന്നതോടെ ലീക്ക് അഭിനന്ദന പ്രവാഹമാണ്. ഗര്‍ഭിണികള്‍ക്കു പോലും പരിഗണന നല്‍കാത്തവര്‍ക്ക് ഈ മറുപടിയൊന്നും നല്‍കിയാല്‍ പോരെന്നു പറയുന്നവരും ഉണ്ട്. 

Content Highlights: pregnant woman bold response to a man who refused to let her sit down