കൊറോണയ്‌ക്കെതിരെ മുന്‍നിരയില്‍ പോരാടുന്നവരാണ് ആരോഗ്യപ്രവര്‍ത്തകരും നിയമപാലകരുമെല്ലാം. തങ്ങളുടെ ആരോഗ്യമെല്ലാം മറന്നാണ് അവര്‍ ഇതിനായി മുന്നിട്ടിറങ്ങുന്നത്. ഈ കൊറോണാ പോരാളികളുടെ നിസ്വാര്‍ത്ഥമായ പ്രവര്‍ത്തനത്തെ പുറത്തുകൊണ്ടു വരുന്നതാണ് ഛത്തീസ്ഗട്ടില്‍ നിന്നുള്ള ഈ വീഡിയോ. പൊരിവെയിലില്‍ കോവിഡ് പ്രോട്ടോക്കോള്‍ നടപ്പാക്കാന്‍ ഡ്യൂട്ടിയില്‍ മുഴുകിയിരിക്കുന്ന ഗര്‍ഭിണിയായ പോലീസുകാരിയുടെതാണ് വീഡിയോ. ദണ്ഡേവാഡ മേഖലയിലെ ഡി.എസ്.പിയായ ശില്‍പ സഹുവാണ് ഈ കൊറോണ പോരാളി.

മറ്റ് ഉദ്യോഗസ്ഥര്‍ക്കൊപ്പം യാത്രക്കാരെ നിരീക്ഷിക്കുന്ന ഡി.എസ്.പിയെ നമുക്ക് വീഡിയോയില്‍ കാണാം. യാത്രക്കാരുടെ അരികിലെത്തി കാര്യങ്ങള്‍ തിരക്കുന്നതും വണ്ടികള്‍ പരിശോധിച്ച് കടത്തി വിടുന്നതുമെല്ലാം വീഡിയോയിലുണ്ട്.  മാവോയിസ്റ്റ് ഭീക്ഷണി ഏറെ നിലനില്‍ക്കുന്ന പ്രദേശം കൂടിയാണ് ഇത്. 

കൈയില്‍ ട്രാഫിക്ക് ലാത്തിയും മുഖത്ത് ഫേസ്മാസ്‌കും സാധാരണ വസ്ത്രങ്ങളുമാണ് അവര്‍ ധരിച്ചിരിക്കുന്നത്. തന്റെ മാത്രമല്ല കുഞ്ഞിന്റെയും ജീവന്‍ അപകടത്തിലാകാമെന്ന് അറിഞ്ഞിട്ടും കൊറോണയ്‌ക്കെതിരെ പോരാടാനിറങ്ങിയ ശില്‍പയെ അഭനന്ദിക്കുകയാണ് സോഷ്യല്‍ മീഡിയ.

Content highlights: Pregnant DSP works in burning heat, urges people to follow Covid guidelines