മയക്കുമരുന്ന് ഉപയോഗത്തിന്റെ ജീവിക്കുന്ന രക്തസാക്ഷിയാണ് അമേരിക്കന്‍ പോപ്പ് സെന്‍സേഷന്‍ ഡെമി ലൊവറ്റോ. മൂന്ന് വര്‍ഷം മുന്‍പ് അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് അതീവ ഗുരുതരാവസ്ഥയിലായിരുന്നു ഡെമി. ഇപ്പോള്‍ ആ കറുത്ത കാലത്തെ കുറിച്ച് ഉള്ളുതുറന്ന് സംസാരിച്ചിരിക്കുകയാണ് അവര്‍. തന്റെ ജീവിതകഥ പറയുന്ന ഡാന്‍സിങ് വിത്ത് ദി ഡെവിള്‍ എന്ന ഡോക്യു സീരീസിന്റെ ട്രെയിലറിലായിരുന്നു തുറന്നുപറച്ചില്‍.
'മൂന്ന് സ്‌ട്രോക്കാണ് അന്നെനിക്ക് ഉണ്ടായത്. ഒപ്പം ഹൃദയാഘാതവും. ഒരു പത്ത് മിനിറ്റ് കൂടിയേ എനിക്ക് ആയുസ്സ് അവശേഷിക്കുന്നുള്ളൂ എന്നാണ് അന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതിയത്. അന്നത്തെ ആ മസ്തിഷ്‌കാഘാതത്തിന്റെ അനന്തരഫലം ഞാന്‍ ഇന്നും അനുഭവിക്കുന്നുണ്ട്. ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ ഉള്ളതുകൊണ്ട് എനിക്കിന്നും കാര്‍ ഡ്രൈവ് ചെയ്യാനാവില്ല. കുറേകാലം വായന ഒരു കടുപ്പമേറിയ കാര്യമായിരുന്നു. കാഴ്ച മങ്ങിയതുകാരണം രണ്ട് മാസത്തോളം എനിക്ക് വായിക്കാന്‍ പറ്റിയതേ ഇല്ലായിരുന്നു.'
'ഇന്നും അതിന്റെ തിക്താനുഭവങ്ങള്‍ എന്നെ വേട്ടയാടുന്നുണ്ട്. ആ ഇരുണ്ട ലോകത്ത് ഒരിക്കല്‍ക്കൂടി ചെന്നുപെട്ടാല്‍ എന്തു സംഭവിക്കും എന്ന് ഇതൊക്കെ എന്നെ ഓര്‍മപ്പെടുത്തിക്കൊണ്ടിരിക്കുന്നു. ഈ ഓര്‍മപ്പെടുത്തലുകള്‍ക്ക് ഞാന്‍ എന്നും നന്ദിയുള്ളവളാണ്. എങ്കിലും തിരിച്ചുവരാന്‍ ബുദ്ധിമുട്ടേണ്ടിവന്നില്ല എന്നത് എന്നെ സംബന്ധിച്ചിടത്തോളം വലിയൊരു ആശ്വാസമായിരുന്നു. വൈകാരികമായാണ് എനിക്കൊരു പുനരധിവാസം വേണ്ടിവന്നത്. വേദനാജനകമായിരുന്നു എന്റെ യാത്ര. തിരിഞ്ഞുനോക്കുമ്പോള്‍ അതെനിക്ക് അതിനെ മറികടക്കാന്‍ ഞാന്‍ അനുഭവിച്ച വേദനയെകുറിച്ചുള്ള സങ്കടമാണ് മനസിലെത്തുക. പക്ഷേ, എനിക്ക് പശ്ചാത്താപമില്ല. കഴിഞ്ഞുപോയതെല്ലാം എനിക്ക് നല്ല പാഠങ്ങളായിരുന്നു'-ഡെമി പറഞ്ഞു.
സമാനമായ അനുഭവങ്ങളിലൂടെ കടന്നുപോകുന്നവര്‍ക്കു വേണ്ടിയാണ് ഇപ്പോള്‍ ഡോക്യുമെന്ററി ഇറക്കുന്നത്. ഭൂതകാലത്തെക്കുറിച്ച് തുറന്നുപറയുന്നത്- ഡെമി പറഞ്ഞു.
2018 ജൂലായിലാണ് ഡെമി ലൊവറ്റോ അമിതമായി മയക്കുമരുന്ന് ഉപയോഗിച്ച് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടത്. അവരെ ലോസ് ആഞ്ജലീസിലെ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തുകയായിരുന്നു. ആശുപത്രിയിലെ ഒരു മാസത്തോളം നീണ്ട തീവ്രപരിചരണത്തിനുശേഷമാണ് അവര്‍ ജീവിതത്തിലേയ്ക്ക് തിരിച്ചുവന്നത്.
Content Highlights: Pop Star Demi Lovato Drug Overdose