പൊന്നാനി: ‘അടുക്കള ഒഴിവാക്കൂ അതൊരു തൊഴിലാക്കൂ’ എന്ന പൊന്നാനിയുടെ മുദ്രാവാക്യം അതിരുകൾ കടന്ന് സംസ്ഥാനം മുഴുവൻ പടരുന്നു. സി.പി.എം. പൊന്നാനി ഏരിയാ സമ്മേളനത്തിന്റെ ഭാഗമായി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ‘പൊതു അടുക്കള’ തുടങ്ങാൻ താത്‌പര്യമുള്ളവരെ സംഘടിപ്പിച്ച്‌ ശില്പശാല നടത്തി.

മുൻ ധനമന്ത്രി ടി.എം. തോമസ് ഐസക് ഉദ്ഘാടനം ചെയ്ത ‘അടുക്കളരാഷ്ട്രീയം’ സംസ്ഥാന ശില്പശാല പൊതു അടുക്കളയെന്ന സങ്കൽപ്പത്തിനു പുത്തൻചിറക് നൽകുന്നതായി.

ഏരിയാ സെക്രട്ടറി കെ.പി. ഖലീമുദ്ദീൻ, ഭാര്യ അഡ്വ. മാജിത, ബാങ്ക് ഉദ്യോഗസ്ഥനായ വി. രമേശൻ തുടങ്ങിയവർ ചേർന്ന് പൊന്നാനിയിൽ തുടങ്ങിയ സംരംഭമാണിപ്പോൾ സംസ്ഥാനമെങ്ങും പടരുന്നത്. സ്ത്രീകളെ അടുക്കളയിൽ തളച്ചിടപ്പെടുന്ന ജീവിതരീതിയിൽനിന്നൊരു മാറ്റമെന്ന നിലയിലാണ് പൊതു അടുക്കളയെന്ന സങ്കൽപ്പം ഉയർന്നത്. വീട്ടമ്മമാരുണ്ടാക്കുന്ന ഭക്ഷണം കുറഞ്ഞ നിരക്കിൽ വീടുകളിലെത്തുന്നതാണ് പദ്ധതി. വീട്ടിൽനിന്ന് അടുക്കളയെ മാറ്റി അത് മറ്റൊരു വിഭാഗത്തിന് ജോലിയാക്കിമാറ്റുകയാണ് ചെയ്യുന്നത്. ജോലിക്ക് പോകുന്ന സ്ത്രീകൾക്കടക്കം ഇത് വലിയ അനുഗ്രഹമായി.

thomas isac
 
പൊന്നാനിയിൽ ‘അടുക്കളരാഷ്ട്രീയം ചർച്ചചെയ്യപ്പെടുമ്പോൾ’ ശില്പശാലയിൽ മുഖ്യാതിഥി മുൻ മന്ത്രി ടി.എം. തോമസ് ഐസക് സംസാരിക്കുന്നു

ചോറൊഴികെ കറികളും പ്രഭാതഭക്ഷണം ഉൾപ്പെടെ മൂന്നുനേരത്തേക്കുള്ള വിഭവങ്ങൾ പൊതു അടുക്കളയിൽ സ്ത്രീകൾ തയ്യാറാക്കി രാവിലെ ഏഴരയോടെതന്നെ വീട്ടിലെത്തിക്കുന്ന പദ്ധതിയാണ് ആവിഷ്കരിച്ചത്. വീട്ടിലുണ്ടാക്കുമ്പോഴുള്ളതിനേക്കാൾ കുറഞ്ഞ ചെലവിൽ ഇത് സാധ്യമാവുമെന്നുകണ്ടതോടെയാണ് സംസ്ഥാനമെങ്ങും പദ്ധതി വ്യാപിച്ചത്.

ഒരാൾക്ക് മൂന്നുനേരത്തെ വെജിറ്റേറിയൻ, നോൺ വെജിറ്റേറിയൻ ഭക്ഷണത്തിന് 70 രൂപയാണ് നിരക്ക്. എട്ടു കുടുംബത്തിനാണ് ഒരടുക്കളയിൽനിന്ന് ഭക്ഷണം തയ്യാറാക്കുക. അടുക്കള നടത്തുന്ന വീട്ടമ്മമാർക്ക് മാസം ചുരുങ്ങിയത് 30,000 രൂപയെങ്കിലും കിട്ടും.

സ്ത്രീകളുടെ കാണാജോലിയായി കണക്കാക്കിയ അടുക്കളയും ഒരു തൊഴിലായി മാറിയതാണ് ‘അടുക്കള ഒഴിവാക്കൂ അതൊരു തൊഴിലാക്കൂ’ പദ്ധതിയുടെ സവിശേഷതയെന്ന് തോമസ് ഐസക് പറഞ്ഞു. ഇ. സിന്ധു അധ്യക്ഷത വഹിച്ചു. ഡോ. മിനി സുകുമാർ, ഡോ. പി.എം. ആരതി, അഡ്വ. ടി.കെ. സുജിത്, ഗിരിജ പാർവതി, ടി. മുഹമ്മദ് ബഷീർ, ഫസീല തരകത്ത് എന്നിവർ പ്രസംഗിച്ചു.

 

Content Highlights: ponnani kitchen, common kitchen, community kitchen , project ‘Adukkala Ozhivaku