കോട്ടയ്ക്കൽ: ഒന്നരവയസ്സിൽ പോളിയോ വന്ന് തളർന്നുപോയതാണ് ഖദീജയുടെ വലതുകാൽ. പിന്നീടിങ്ങോട്ട് വർഷങ്ങളായി വടിയിലൂന്നിയാണ് ജീവിതം. പക്ഷേ, ശരീരം തളർത്തിയ രോഗത്തിനു ഖദീജയുടെ മനസ്സ്‌ തളർത്താനായില്ല. ഒരാളുടെ മുന്നിലും കൈനീട്ടാതെ അധ്വാനിച്ച് അന്തസ്സായി ജീവിക്കാൻ ഖദീജയ്ക്ക്‌ തുണയായത് ആ ഉൾക്കരുത്താണ്.

കോട്ടയ്ക്കൽ കുറ്റിപ്പുറം ഫാറൂഖ് നഗറിലെ ചങ്ങരംചോല വീട്ടിൽച്ചെന്നാൽ തിരക്കുപിടിച്ച ഖദീജയുടെ ജീവിതം നേരിൽക്കാണാം. ഉമ്മറത്ത് കൂട്ടിയിട്ട വെറ്റിലകൾ അടുക്കി വൃത്തിയാക്കി കെട്ടാക്കുന്ന ജോലിയിലാകും മിക്കപ്പോഴും. അല്ലെങ്കിൽ തുണികൾ തുന്നുന്ന തിരക്കിലാകും. അതുമല്ലെങ്കിൽ മുച്ചക്രവാഹനത്തിൽ പുറത്തേക്കു 'പറന്ന്' ബാങ്കുകളിലും പ്രസ്സിലുമൊക്കെച്ചെന്ന് ബൈൻഡിങ് ജോലി ചെയ്തുകൊടുക്കുകയാവും. ഇങ്ങനെ പലവഴിക്ക് കിട്ടുന്ന ചെറിയ ചെറിയ വരുമാനങ്ങൾകൊണ്ട് കെട്ടിപ്പടുത്തതാണ് ഖദീജയുടെ വീടും ജീവിതവും.

നന്നേ കുറച്ചുസമയമേ ഉറക്കമുള്ളൂ. വിശ്രമമെന്ന വാക്ക് ഖദീജയ്ക്കറിയില്ല! ഭിന്നശേഷിക്കാരുടെ കൂട്ടായ്‌മയായ ഡി.എ.പി.എലിന്റെ മുനിസിപ്പൽ സെക്രട്ടറിയെന്ന നിലയിൽ പങ്കെടുക്കേണ്ട പരിപാടികളുമുണ്ടാകും. അവർക്കായുള്ള ചാരിറ്റി പ്രവർത്തനങ്ങൾക്കും നേതൃത്വംനൽകുന്നു.

ആ സ്വപ്നം നേടാൻ

മുപ്പത്താറുകാരിയായ ഖദീജയുടെ സ്വപ്‌നം സർക്കാർ ജോലിയാണ്. സ്വീപ്പർജോലിയെങ്കിലും നേടണം. സ്‌കൂളിൽപ്പോയി പഠിച്ചത് നാലാംക്ലാസുവരെയാണ്. പിന്നെ വടിയൂന്നി ഒരുപാടുദൂരം നടക്കാൻവയ്യാതായപ്പോൾ പഠനം നിർത്തി. പിന്നീട് വർഷങ്ങൾക്കുശേഷം ഏഴാംക്ലാസ് തുല്യതാപരീക്ഷയെഴുതി പാസായി. ഇപ്പോൾ പി.എസ്.സി. പരീക്ഷകളെഴുതുന്നുണ്ട്. രണ്ടോ മൂന്നോ അഭിമുഖങ്ങളും കഴിഞ്ഞു. പക്ഷേ, ഒരു സാധ്യതയുമായില്ല. കുട്ടിയായിരിക്കുമ്പോൾ പഠിച്ചെടുത്ത വെറ്റിലപ്പണിയും തുന്നലും വലിയ സഹായമായി. ഉപ്പയും ഉമ്മയുമെല്ലാം നേരത്തേ മരിച്ചുപോയിരുന്നു. സഹോദരങ്ങൾ സ്വന്തമായി വീടുവെച്ചുമാറി.

2016-ൽ നഗരസഭ മുച്ചക്രവാഹനം തന്നതോടെ പുറത്തേക്കുള്ള യാത്ര എളുപ്പമായി. ഉടനെ ബൈൻഡിങ് പഠിച്ചു. ഉമ്മ തന്ന അഞ്ചുസെന്റിൽ സ്വന്തമായി വീടുപണിയാനായതും മുക്കാൽലക്ഷത്തോളം രൂപയുടെ കടംവീട്ടാനായതും ഈ തൊഴിലുകൾതന്ന സമ്പാദ്യംകൊണ്ടാണ്.

നഗരസഭയുടെ സഹായവും വീടിനുകിട്ടി. ഒറ്റയ്ക്കായാൽപ്പോലും തളരരുതെന്നും അധ്വാനിച്ചുജീവിക്കണമെന്നുമാണ് സ്ത്രീകളോട് ഖദീജയ്ക്കു പറയാനുള്ളത്. നാലു ചുമരുകൾക്കുള്ളിൽ തീരരുത് ഈ ജീവിതം. അന്വേഷിക്കുന്നവർക്ക് തൊഴിലുണ്ട്.

സമൂഹമാധ്യമങ്ങളിലൂടെ ആളുകൾക്ക് പ്രചോദനം നൽകുന്ന കുറിപ്പുകളെഴുതിയും ശ്രദ്ധനേടിയിട്ടുണ്ട് ഖദീജ കോട്ടയ്ക്കൽ. 'ചില ദിവസങ്ങളിൽ നമുക്ക് പ്രയാസങ്ങൾ നേരിടേണ്ടിവരും എന്നു വിചാരിച്ച് ആ ദിവസം നമുക്ക് നീക്കിവെക്കാൻ പറ്റില്ലല്ലോ. ആ ദിവസവും തളരാതെ ലക്ഷ്യത്തിനുവേണ്ടി ശ്രമിക്കണം' ഇതാണ് കഴിഞ്ഞ ദിവസം ഖദീജ സ്റ്റാറ്റസാക്കിയ പോസ്റ്റ്.

Content Highlights: polio affected person, inspiring women, disabled women