പോലീസുകാർ ഉൾപ്പെടുന്ന സംഘം സർക്കാർ ഉടമസ്ഥതയിലുള്ള വനിതാ ഹോസ്റ്റലിലെ അന്തേവാസികളെ നഗ്നരാക്കി നൃത്തം ചെയ്യിച്ചു. മഹരാഷ്ട്രയിലെ ജൽഗാവിലാണ് സംഭവം.

അനാഥരും അശരണരുമായ പെൺകുട്ടികളെ താമസിപ്പിക്കുന്ന ആശാദീപ് വിമൻസ് ഹോസ്റ്റലിലെ അന്തേവാസികളെകൊണ്ടാണ് കഴിഞ്ഞ ദിവസം ഏതാനും പോലീസുകാരും അവരുടെ സുഹൃത്തുക്കളും ചേർന്ന് നഗ്നരാക്കി നൃത്തം ചെയ്യിച്ചത്.

ജൽഗാവിലെ ജനനായക് ഫൗണ്ടേഷൻ എന്ന സന്നദ്ധ സംഘടനയാണ് ഈ സംഭവം പുറംലോകത്തെത്തിച്ചത്.  ഇവർ പെൺകുട്ടികളെ നൃത്തം ചെയ്യിക്കുന്നതിന്റെ വീഡിയോ സഹിതം ജില്ലാ കലക്ടർക്ക് പരാതി നൽകി. നടപടി സ്വീകരിക്കാമെന്ന് കലക്ടർ അഭിജിത്ത് റാവത്ത് ഇവർക്ക് വാക്ക് നൽകിയെങ്കിലും തുടർന​ടപടികളൊന്നും ഉണ്ടായിരുന്നില്ല.

തുടർന്ന് ചിക്​ലി മണ്ഡലത്തിലെ ബി.ജെ.പി എം.എൽ.എ ശ്വേത മഹാലെ സംഭവം നിയമസഭയിൽ  ഉന്നയിച്ചു. ഇതിനെ തുടർന്ന് ആഭ്യന്തരമന്ത്രി അനിൽ ദേശ്​മുഖ് സംഭവത്തെക്കുറിച്ച് അന്വേഷിക്കാൻ ഉത്തരവിട്ടിരിക്കുകയാണ്. നാലംഗ സമിതിക്കാണ് അന്വേഷണച്ചുമതല. അവർ രണ്ട് ദിവസത്തിനകം റിപ്പോർട്ട് സമർപ്പിക്കണം.

സംസ്ഥാന സാമൂഹ്യ ക്ഷേമ വകുപ്പിന്റെ മേൽനോട്ടത്തിലാണ് ഹോസ്റ്റൽ പ്രവർത്തിക്കുന്നത്. ഹോസ്റ്റലിന്റെ പ്രവർത്തനത്തെക്കുറിച്ച് നേരത്തെയും പലതരം പരാതികളും ഉയർന്നിരുന്നു. ഇതിനെ തുടർന്ന് ജനനായക് ഫൗണ്ടേഷന്റെ ഭാരവാഹികൾ അവിടെയെത്തിയെങ്കിലും ഹോസ്റ്റൽ അധികൃതർ അകത്തേയ്ക്ക് പ്രവേശിപ്പിച്ചില്ല. ജീവനക്കാരുടെ ഒത്താശയോടെ പോലീസുകാരും മറ്റും അനധികൃതമായി ഹോസ്റ്റലിൽ വരാറുണ്ടായിരുന്നുവെന്ന് ചില പെൺകുട്ടികൾ ഇവരോട് പരാതിപ്പെട്ടു. കേസന്വേഷണത്തിന്റെ മറവിലാണ് പോലീസുകാർ ഹോസ്റ്റലിൽ വരാറുള്ളതെന്നും അവർ പറഞ്ഞു.

Content Highlights: Policemen force girld to strip and dance in government hostel