കൊച്ചി: ജോലി കഴിഞ്ഞ് രാത്രി എട്ടോടെ കലൂരിലുള്ള ഹോസ്റ്റലിലേക്ക് നടക്കുകയായിരുന്നു ആ യുവതി. റോഡിൽ ആളൊഴിഞ്ഞ ഭാഗത്തെത്തിയപ്പോൾ മതിലിനു പിന്നിൽ മറഞ്ഞിരുന്ന ഒരാൾ പ്രത്യക്ഷപ്പെട്ടു. അടുത്ത നിമിഷം നഗ്നതാ പ്രദർശനം. അവൾ അയാളെ ചീത്തവിളിച്ചു. കല്ലെടുത്ത് എറിയാൻ തുടങ്ങിയപ്പോഴേക്കും മതിലിനു പിന്നിൽ ഒളിപ്പിച്ചിരുന്ന സ്കൂട്ടറുമായി അയാൾ കടന്നുകളഞ്ഞു.

അവൾ അവിടെ നിന്നുകൊണ്ടുതന്നെ പിങ്ക് പോലീസിന്റെ നമ്പറിലേക്ക് വിളിച്ചു. ആരും എടുക്കുന്നില്ല... വീണ്ടും വീണ്ടും വിളിച്ചു, ആറുതവണ... ‘‘കോൾ സ്വീകരിക്കാൻ കഴിയില്ല, ബിസിയാണ്...” ഈ ഉത്തരം മാത്രം തിരിച്ചുകേട്ടു. ഒരു മണിക്കൂറിനു ശേഷമാണ് യുവതിക്ക്‌ പോലീസിനെ ബന്ധപ്പെടാൻ കഴിഞ്ഞത്. അതുകൊണ്ടെന്തു കാര്യം...?

ഇത്രയുംകാലം പിങ്കിന്റെ ‘തനിനിറം’ അറിഞ്ഞെങ്കിലും ആരും പരസ്യമായി പ്രതികരിക്കാൻ തയ്യാറായിരുന്നില്ല. ഇല്ലാത്ത മോഷണത്തിന്റെ പേരിൽ ആറ്റിങ്ങലിൽ മൂന്നാം ക്ലാസുകാരിയായ വിദ്യാർഥിനിയെ പരസ്യവിചാരണ ചെയ്തപ്പോഴാണ് പിങ്ക് പോലീസിനെകുറിച്ച് കേരളമാകെ ചർച്ച ചെയ്യപ്പെട്ടത്. ‘കാക്കിയുടെ അഹങ്കാരം’ എന്നാണ് കോടതി വരെ വിമർശിച്ചത്. കുഞ്ഞിന്റെ ജീവിതമാണോ ഉദ്യോഗസ്ഥയുടെ ഫോണാണോ വലുതെന്നും കോടതി ചോദിച്ചു.

പിങ്ക് പോലീസ്

2016 ഓ​ഗസ്റ്റ് 15ന് നിലവിൽ വന്നതാണ് പിങ്ക് പോലീസ് പട്രോൾ. ഡ്രൈവർ ഉൾപ്പെടെ പൂർണമായും വനിതാ പോലീസ് ഉദ്യോ​ഗസ്ഥർ മാത്രമാണുള്ളത്. അടിയന്തര സാഹചര്യങ്ങൾ നേരിടാനുള്ള എല്ലാവിധ  സജ്ജീകരണങ്ങളുമായാണ് സഞ്ചരിക്കുക. സ്കൂൾ, കോളേജ്, തിരക്കേറിയ റോഡുകൾ, ആരാധനാലയങ്ങൾ, ലേഡീസ് ഹോസ്റ്റലുകൾ തുടങ്ങിയ ഇടങ്ങളിലാണ് കൂടുതലായും പിങ്ക് പോലീസ് പട്രോളിങ് നടത്തുന്നത്. സ്ത്രീകളെ പിന്തുടർന്ന് ശല്യപ്പെടുത്തുക, സ്കൂൾ കോളേജ് വിദ്യാർഥികൾക്ക് ലഹരിമരുന്ന് വിതരണം ചെയ്യുക തുടങ്ങിയവ തടയാനും ലക്ഷ്യമിട്ടുള്ളതാണ് പിങ്ക് പോലീസ്. 

ഏതുസമയത്തും ഏതുതരത്തിലുമുള്ള സഹായത്തിനും സ്ത്രീകൾക്ക് പിങ്ക് പോലീസിനെ വിളിക്കാം എന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്. പരാതി ലഭിച്ച സ്ഥലം വേ​ഗത്തിൽ കണ്ടെത്തുന്നതിന് സി-ഡാക്കിന്റെ സാങ്കേതിക സഹായത്തോടെ ജി.ഐ.എസ്-ജി.പി.എസ് സംവിധാനം ഉപയോ​ഗിച്ചുകൊണ്ടുള്ള അത്യാധുനിക സോഫ്റ്റ്വേറുകൾ പിങ്ക് പോലീസ് ഉപയോ​ഗിക്കുന്നു. 

പ്രതികരണങ്ങൾ

സ്ഥിരമായി പട്രോളിങ് നടത്തുന്നുണ്ട്, നല്ല രീതിയിലുളള പ്രവർത്തനമാണ് അവർ നടത്തുന്നത്

-പ്രശാന്ത്
(ഓട്ടോഡ്രൈവർ)

റോഡിൽ എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ അവരെ ലഭ്യമാകാറില്ല. അവരുടെ വാഹനം റോഡിൽ പലപ്പോഴും കാണാറുണ്ട്. എന്താണ് അവർ ചെയ്യുന്നത് എന്നറിയില്ല.

-ജോയി
(കച്ചവടക്കാരൻ, ഹൈക്കോടതി ജങ്ഷൻ)

ഇവിടെ സ്ഥിരമായി അടിപിടികളും പ്രശ്നങ്ങളും ഉണ്ടാകാറുണ്ട്. സ്ത്രീകൾ ഉൾപ്പെടുന്ന പ്രശ്നങ്ങളും ഉണ്ടാകുന്നു. കാര്യമായ സേവനങ്ങൾ ഒന്നും പോലീസ് സേനയുടെ ഭാഗത്തുനിന്ന് ലഭിക്കുന്നില്ല. എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമ്പോൾ പിങ്ക് പോലീസിനെ കാണാറുമില്ല.

- ഷാൻ (വ്യാപാരി, മറൈൻ ഡ്രൈവ്)

ആൺകുട്ടികളും പെൺകുട്ടികളും ഒരുമിച്ചിരുന്നാൽ പിങ്ക് പോലീസുകാർ അവിടെപ്പോയി സംസാരിക്കുന്നത് കണ്ടിട്ടുണ്ട്. മറ്റു വിഷയങ്ങളിൽ ഒന്നും ഇടപെട്ടു കാണാറില്ല

അനിൽ ഓട്ടോഡ്രൈവർ, ഹൈക്കോടതി ജംങ്ഷൻ

റോഡരികിലെ നടപ്പാതകളിൽ കൂട്ടംകൂടിയിരിക്കുന്ന വിദ്യാർഥികൾക്കിടയിൽനിന്ന് ആൺകുട്ടികളെ മാറ്റിനിർത്തുകയും അവരുടെ വീടുകളിൽ ഫോൺ ചെയ്ത് ഇല്ലാത്ത പ്രശ്നങ്ങളുണ്ടാക്കുന്ന മോറൽ പോലീസിങ്ങും മാത്രമാണ് അവർ ചെയ്യുന്നത് കണ്ടിട്ടുള്ളത്. 

-മേഘ ബിജു (വിദ്യാർഥി)

നല്ല രീതിയിലുള്ള പ്രവർത്തനങ്ങൾ ഊർജസ്വലതയോടെ ഇനിയും നടത്തണം. സേനയ്ക്ക് ഇപ്പോൾ നേരിട്ട വിമർശനങ്ങൾ പ്രവർത്തനങ്ങളിലൂടെ മാറ്റിയെടുക്കണം.

-പത്മ രവീന്ദ്രൻ ‍ (അധ്യാപിക)

സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കേണ്ടവരിൽ നിന്നുതന്നെ മോശം പ്രവർത്തനങ്ങൾ ഉണ്ടാകുന്നത് സങ്കടകരമാണ്. അങ്ങനെയുള്ളവർക്ക് മാതൃകാപരമായ ശിക്ഷ ലഭിക്കണം. പ്രവർത്തനങ്ങൾ മികച്ചതാക്കേണ്ടതുണ്ട്.

 -പാർവതി അർജുൻ ‍(ബിരുദധാരി)

Content Highlights: pink police kochi, pink police kerala, pink police car