പെരിന്തല്‍മണ്ണ: ആ കുഞ്ഞുകരച്ചിലിനായി കാതോര്‍ത്തിരിക്കുകയായിരുന്നു അവര്‍. കുടുംബാംഗങ്ങള്‍ക്കൊപ്പം ആസ്​പത്രി അധികൃതരും ആസ്​പത്രിയിലെ മറ്റുള്ളവരും കരച്ചില്‍ കേട്ടു...സന്തോഷത്തോടെ.

പെരിന്തല്‍മണ്ണ ജില്ലാ ആസ്​പത്രിയിലെ മാതൃ -ശിശു ബ്ലോക്കിന്റെ പുതിയ പ്രസവമുറിയിലെ ആദ്യ അതിഥിയുടെ വരവായിരുന്നു അത്. വാഴേങ്കട കുപ്പൂട്ടില്‍ സൈനുദ്ദീന്‍ -സാബിറ ദമ്പതിമാരുടെ പെണ്‍കുട്ടിയാണ് പ്രസവമുറിയിലെ ആദ്യ അതിഥി.

ആസ്​പത്രി സൂപ്രണ്ട് ഇന്‍ചാര്‍ജ് ഡോ. എ. ഷാജി, സാമൂഹികപ്രവര്‍ത്തകന്‍ കെ.ആര്‍. രവി, പെരിന്തല്‍മണ്ണ സായി സ്‌നേഹതീരത്തിലെ കുട്ടികളും ചേര്‍ന്ന് സമ്മാനം നല്‍കിക്കൊണ്ടാണ് കുട്ടിയെ വരവേറ്റത്.

കഴിഞ്ഞമാസം കനത്തമഴയില്‍ വെള്ളം കയറിയതിനെത്തുടര്‍ന്ന് പഴയ സമുച്ചയത്തിലെ പ്രസവമുറി അടച്ചിരുന്നു. തുടര്‍ന്ന് അണുമുക്തമാക്കി പുതിയ ബ്ലോക്കിലെ പ്രസവമുറി തുറന്നത് ശനിയാഴ്ചയാണ്.

പിറ്റേന്ന് പിറന്ന കുഞ്ഞ് സാബിറയുടേതായിരുന്നു. ജില്ലയില്‍ ഏറ്റവുംകൂടുതല്‍ പ്രസവംനടക്കുന്ന ആസ്​പത്രികളിലൊന്നാണ് പെരിന്തല്‍മണ്ണ ജില്ലാ ആസ്​പത്രി.