സ്ത്രീകളെ ലക്ഷ്യമിട്ടുള്ള സാമൂഹികസംരംഭമായ 'പാന്‍ഖുരി'യുടെ സ്ഥാപകയും സി.ഇ.ഒ.യുമായ പാന്‍ഖുരി ശ്രീവാസ്തവ അന്തരിച്ചു. ഹൃദയാഘാതമാണ് മരണകാരണമെന്ന് അവരുടെ കമ്പനി അറിയിച്ചു. 32 വയസ്സായിരുന്നു. 'പാന്‍ഖുരി' കൂടാതെ വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പായ ഗ്രാബ്ഹൗസ് എന്നൊരു കമ്പനിയുടെ കൂടി മേധാവിയായിരുന്നു അവര്‍. 'പാന്‍ഖുരി'യുടെ ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ടിലൂടെയാണ് മരണം സംബന്ധിച്ച വിവരം പുറത്തുവിട്ടത്. 

അഗാധമായ ദുഃഖത്തോടെ ഞങ്ങളുടെ പ്രിയപ്പെട്ട സി.ഇ.ഒ. പാന്‍ഖുരി ശ്രീവാസ്തവയുടെ വിയോഗം അറിയിക്കേണ്ടി വന്നതില്‍ ഖേദിക്കുന്നു. പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് 2021 ഡിസംബര്‍ 24-നായിരുന്നു അവരുടെ അന്ത്യം-ട്വീറ്റ് വ്യക്തമാക്കി.

അമേരിക്കന്‍ വെഞ്ച്വര്‍ കാപ്പിറ്റല്‍ സ്ഥാപനമായ സെക്വോയ ക്യാപിറ്റലിന്റെ പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന പാന്‍ഖുരി തത്സമയ സ്ട്രീമിംഗ്, ചാറ്റ്, മൈക്രോ കോഴ്സുകള്‍ എന്നിവയിലൂടെ ഓണ്‍ലൈനില്‍ നെറ്റ്വര്‍ക്ക് ചെയ്യാനും പഠിക്കാനും ഷോപ്പുചെയ്യാനും ഇന്ത്യയിലെ സ്ത്രീകള്‍ക്ക് അവസരമൊരുക്കുന്നു.

സെക്വോയ ക്യാപിറ്റല്‍ ഇന്ത്യയുടെ മാനേജിങ് ഡയറക്ടര്‍ ശൈലേന്ദ്ര സിങ് പാന്‍ഖുരിയുടെ മരണത്തില്‍ അനുശോചനം അറിയിച്ചു. 

പാന്‍ഖുരിക്ക് ധാരാളം ആശയങ്ങളും ഉള്‍ക്കാഴ്ചകളും ഉണ്ടായിരുന്നു. പാന്‍ഖുരിയുടെ സ്ഥാപക എന്ന നിലയില്‍ ഉത്സാഹവും ക്രിയാത്മകതയും നിറഞ്ഞതായിരുന്നു അവര്‍. ഈ വലിയ നഷ്ടം മറികടക്കുന്നതിന് ശ്രമിച്ചു കൊണ്ടിരിക്കുകയാണ് ഞങ്ങള്‍-അദ്ദേഹം പറഞ്ഞു.
'പാന്‍ഖുരി' രൂപവത്കരിക്കുന്നതിന് മുമ്പാണ് വീടുകള്‍ വാടകയ്ക്ക് നല്‍കുന്ന സ്റ്റാര്‍ട്ടപ്പ് ആയ ഗ്രാബ്ഹൗസിന് പാന്‍ഖുരി തുടക്കം കുറിച്ചത്. ഈ കമ്പനി 2016-ല്‍ ഓണ്‍ലൈന്‍ ക്ലാസിഫൈഡ്‌സ് കമ്പനിയായ ക്വിക്കര്‍ ഏറ്റെടുത്തു.

ഝാന്‍സിയില്‍ ജനിച്ച പാന്‍ഖുരി രാജീവ് ഗാന്ധി ടെക്‌നോളജി യൂണിവേഴ്‌സിറ്റിയില്‍നിന്ന് കംപ്യൂട്ടര്‍ സയന്‍സ് എന്‍ജിനീയറിങ്ങില്‍ ബിരുദം നേടി. ടീച്ച് ഫോര്‍ ഇന്ത്യ എന്ന ഫെലോഷിപ് പദ്ധതിയുടെ ഭാഗമായി മുംബൈയിലെ മുനിസിപ്പല്‍ സ്‌കൂളുകളില്‍ കുറച്ചുനാള്‍ അധ്യാപികയായി ജോലി ചെയ്തു. 

ഒരു വര്‍ഷം മുമ്പായിരുന്നു പാന്‍ഖുരിയുടെ വിവാഹം. 

അഭിമുഖങ്ങളില്‍ ഉദ്യോഗാര്‍ഥികളെ തിരഞ്ഞെടുക്കുന്നതില്‍ നേരിടുന്ന വെല്ലുവിളികളെക്കുറിച്ചാണ് പാന്‍ഖുരി അവസാനം സാമൂഹിക മാധ്യമത്തില്‍ സംസാരിച്ചത്. 

Content highlights: pankhuri srivasthava died at the age of thirty two, due to heart attack