ഴിഞ്ഞ കുറച്ച് വര്‍ഷങ്ങളിലേതു പോലെ തന്നെ ഇത്തവണത്തെ വനിതാ ദിനത്തിലും പാകിസ്താനിലെ തെരുവുകളെ പിടിച്ചുലച്ചത് ഔരത്ത് മാര്‍ച്ചാണ് (Women’s march). തങ്ങളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനായി വനിതാ ദിനത്തില്‍ ധാരാളം സ്ത്രീസംഘടനകള്‍ ഇവിടെ റാലികള്‍ നടത്താറുണ്ട്. കറാച്ചി, ലാഹോര്‍, ഇസ്ലാമാബാദ് തുടങ്ങിയ പ്രധാന പട്ടണങ്ങളിലെല്ലാം റാലികള്‍ അരങ്ങേറിയിരുന്നു. റാലിയില്‍ പങ്കെടുക്കാന്‍ കഴിയാത്തവര്‍ പോസ്റ്ററുകളും മറ്റും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ച് പരിപാടികള്‍ക്ക് പിന്തുണ നല്കി. ഇത്തവണ ഓരോ സ്ഥലത്തെയും റാലികള്‍ക്ക് പ്രത്യേക വിഷയങ്ങള്‍ ഉണ്ടായിരുന്നു. കറാച്ചിയില്‍ പുരുഷാധിപത്യത്തെ തുടര്‍ന്നുള്ള അക്രമങ്ങള്‍ തടയുക എന്നതായിരുന്നു വിഷയം. ലാഹോറില്‍ ആരോഗ്യപ്രവര്‍ത്തകരെയും സ്ത്രീകളുടെ ആരോഗ്യത്തെയും സംബന്ധിക്കുന്ന വിഷയങ്ങളാണ് പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചത്. ഇസ്ലാമാബാദില്‍ സുരക്ഷ എന്നതായിരുന്നു വിഷയം.

പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പുള്ള വിവാഹം തടയുക, തുല്യത ഉറപ്പാക്കുക, ഇരയെ കുറ്റപ്പെടുത്തുന്ന പ്രവണതകള്‍ അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്ലക്കാര്‍ഡുകളും കറാച്ചിയിലെ പ്രതിഷേധക്കാര്‍ ഉയര്‍ത്തിപ്പിടിച്ചിരുന്നു. ലാഹോറില്‍ ഒരു വലിയ പുതപ്പില്‍ #MeToo എന്ന് എഴുതി ഉയര്‍ത്തിപിടിച്ചാണ് സ്ത്രീകള്‍ അണിനിരന്നത്. 

ഓരോ വര്‍ഷം കഴിയുംതോറും വനിതാ മാര്‍ച്ചില്‍ സ്ത്രീകള്‍ കൂടുതല്‍ അവരുടെ അവകാശങ്ങള്‍ക്കായി സംസാരിക്കുന്നത് പ്രകടമാണ്. ശരീരത്തിന് മുകളിലുള്ള അവകാശം, തുല്യത, വിവാഹജീവിതത്തില്‍ നേരിടുന്ന അതിക്രമങ്ങള്‍ തടയുക.. തുടങ്ങിയ നിരവധി ആവശ്യങ്ങള്‍ ഉന്നയിക്കുന്ന പ്ലക്കാര്‍ഡുകളും ബാനറുകളും ഇത്തവണയും സ്ത്രീകള്‍ കരുതിയിരുന്നു. 

കഴിഞ്ഞവര്‍ഷം നടന്ന വനിതാ മാര്‍ച്ചില്‍ പങ്കെടുത്തവര്‍ക്ക് നേരെ മാര്‍ച്ചിനിടെ വ്യാപകായ അക്രമങ്ങള്‍ ഉണ്ടായിരുന്നു. വിദേശ സംസ്‌കാരത്തെ അനുകരിക്കുകയാണെന്നും ഇതെല്ലാം നമ്മുടെ മൂല്യങ്ങളെ തകര്‍ക്കുമെന്നുമാണ് അക്രമം അഴിച്ചുവിട്ട സംഘടനകള്‍ പറഞ്ഞത്. 

Content Highlights: Pakistan's Aurat March is a Hit Again on Women's Day