ചെറുവള്ളി: കാഴ്ചപരിമിതിക്കിടയിലും കൈത്തറിയിൽ നൂൽനൂൽക്കുന്ന രാധാമണി എഴുത്തുകാരിയല്ല; 24 വർഷം അന്നം തന്ന ഖാദിയെ പുകഴ്ത്താൻ വാക്കുകൾ തനിയെ ഒഴുകിയെത്തുകയായിരുന്നു. ആ കവിതയെ പ്രശംസിച്ച് ഖാദിവകുപ്പ്‌ കൈകാര്യംചെയ്യുന്ന മന്ത്രി പി.രാജീവിന്റെ ഫോൺവിളിയെത്തിയപ്പോൾ അതേറ്റവും വലിയ പുരസ്‌കാരം. ചിറക്കടവ് തെക്കേത്തുകവല മുരുത്തുമല വീട്ടിൽ വി.വി.രാധാമണിയാണ് ഖാദി കവിതയിലൂടെ മന്ത്രിക്കുമുൻപിലും നാട്ടിലും താരമായത്. ഗാന്ധിജയന്തി അനുസ്മരണമായി ഖാദിയെ പ്രകീർത്തിച്ച് ചെറുവള്ളിയിലെ നെയ്ത്തുശാലയിലിരുന്ന് രാധാമണി സ്വന്തം കവിത ആലപിച്ചപ്പോൾ സുഹൃത്തുക്കൾ വീഡിയോയിൽ പകർത്തി സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്യുകയായിരുന്നു.

'മാതൃഭൂമി' ചാനലിലൂടെ ആ കവിതയുടെ സൗന്ദര്യം മന്ത്രി അറിഞ്ഞപ്പോൾ ബുധനാഴ്ച രാവിലെ രാധാമണിക്ക് മന്ത്രിയുടെ വിളിയെത്തി. നെയ്ത്തുശാലയിലെ എഴുത്തുകാരിയെ അനുമോദിച്ച് മന്ത്രി ഫെയ്‌സ്ബുക്ക് പോസ്റ്റ് ഇടുകയും ചെയ്തു.

കാഴ്ചപരിമിതിക്കിടയിലാണ് ഈ 55-കാരി നൂൽനൂൽക്കുന്നത്. വാഴൂർ ബ്ലോക്ക് പഞ്ചായത്തിന്റെ ചിറക്കടവ് പഞ്ചായത്ത് ചെറുവള്ളിയിലെ കൈത്തറികേന്ദ്രത്തിലെ ജീവനക്കാരിയാണ് രാധാമണി. ചെറുവള്ളി വാക്കയിൽ പരേതരായ കെ.ജി.വാസുദേവൻ നായരുടെയും തങ്കമ്മയുടെയും മകളായ രാധാമണിക്ക് 20 വർഷം മുൻപ് ഗ്ലൂക്കോമ ബാധിച്ച് ഇടതുകണ്ണിന്റെ കാഴ്ച പൂർണമായി നശിച്ചു. വലതുകണ്ണിന്റെ മധ്യത്തിലൂടെമാത്രം നേരിയ കാഴ്ചയാണിപ്പോൾ. പല നിറങ്ങളും തിരിച്ചറിയാനാവില്ല. എങ്കിലും നിത്യപരിചയംകൊണ്ട് ബുദ്ധിമുട്ടില്ലാതെ നൂൽ നൂൽക്കും.

മാസംതോറും 200 കഴി പഞ്ഞി നൂലാക്കും. അതിലൂടെ പരമാവധി മൂവായിരം രൂപയാണ് വരുമാനം. ആയിരം രൂപയോളം മരുന്നിനായി വേണം. ഇലക്ട്രീഷ്യനായ ഭർത്താവ് രാധാകൃഷ്ണൻ നായർക്ക് ഇടയ്ക്ക് കിട്ടുന്ന പണികൾ കൊണ്ടാണ് ജീവിതം മുന്നോട്ടുപോകുന്നത്. ജയകൃഷ്ണൻ, ചൈതന്യകൃഷ്ണൻ എന്നിവരാണ് മക്കൾ.