കൊറോണ വൈറസിന്റെ രണ്ടാം തരംഗത്തില്‍ വലയുകയാണ് രാജ്യം. ആഘോഷങ്ങള്‍ക്കും ആള്‍ക്കൂട്ടങ്ങള്‍ക്കും എല്ലാം കര്‍ശന വിലക്കുണ്ട് ഇപ്പോള്‍. ചിലര്‍ വിവാഹചടങ്ങുകള്‍ പോലുള്ളവ മാറ്റിവെക്കുമ്പോള്‍ കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച്  ചടങ്ങുകൾ നടത്തുന്നവരുമുണ്ട്. അത്തരത്തില്‍ ഒരു വിവാഹചടങ്ങിനിടെ സാമൂഹിക അകലം പാലിച്ചുകൊണ്ടുള്ള മാല ചാര്‍ത്തലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. ചടങ്ങില്‍ സാമൂഹിക അകലം പാലിക്കാനായി വരനും വധുവും മുളവടി ഉപയോഗിച്ചാണ് മാല ചാര്‍ത്തിയത്. 

ബിഹാറിലെ ബഗുസരായിയില്‍ നടന്ന ഒരു വിവാഹചടങ്ങിലാണ് വരനും വധുവും തമ്മില്‍ സാമൂഹിക അകലം പാലിക്കാനായി വ്യത്യസ്തമായ  മാല ചാര്‍ത്തല്‍ നടത്തിയത്.  അഡീഷണല്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണറായ ദിപാന്‍ഷു കബ്രയാണ് ട്വിറ്ററിലൂടെ രസകരമായ വീഡിയോ പങ്കുവെച്ചത്. ചടങ്ങില്‍ സാമൂഹിക അകലം പാലിക്കാന്‍ ഇവന്റ് മാനേജര്‍ കണ്ടെത്തിയ വിചിത്രമായ വഴി എന്ന അടിക്കുറിപ്പോടെയാണ് ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്.

വീഡിയോ ഏറെ ചിരിപ്പിക്കുന്നതാണെന്നാണ് ട്വിറ്ററില്‍ വന്ന കമന്റുകള്‍. നിരവധിപ്പേര്‍ വീഡിയോ ഷെയര്‍ ചെയ്യുകയും ലൈക്ക് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഇത്രയേറെ പ്രയാസപ്പെട്ട് വിവാഹ ചടങ്ങ് നടത്തേണ്ടതുണ്ടോ എന്ന് ചോദിച്ചവരും ധാരാളം.

Content Highlights: couple use bamboo sticks to garland each other during marriage ceremony