അനാഥാലയത്തില്‍ വളര്‍ന്ന പെണ്‍കുട്ടി. വളരുംതോറും വിദ്യാഭ്യാസത്തിന്റെ പ്രാധാന്യത്തെക്കുറിച്ചും അവള്‍ തിരിച്ചറിഞ്ഞു. ഇന്ന് ആയിരക്കണക്കിന് ദരിദ്ര വിദ്യാര്‍ഥികള്‍ക്ക് പഠിക്കാനുള്ള അവസരം നല്‍കുകയാണ് ആ വനിത. ഹൈദരാബാദ് സ്വദേശിയായ ഹിമജാ റെഡ്ഡിയാണ് നന്മനിറഞ്ഞ പ്രവര്‍ത്തിയിലൂടെ വാര്‍ത്തയില്‍ നിറയുന്നത്.
ഹിമജ സ്ഥാപിച്ച ഹോപ് ഫോര്‍ ലൈഫ് എന്ന സംഘടനയാണ് നാലായിരത്തോളം ദരിദ്ര വിദ്യാര്‍ഥികളുടെ പഠനം ഏറ്റെടുത്ത് നടത്തിയത്. വിദ്യാഭ്യാസം അടിസ്ഥാന അവകാശമാണെന്നും മിക്ക പ്രശ്‌നങ്ങളുടെയും പരിഹാരമാണെന്നും തിരിച്ചറിഞ്ഞതോടെയാണ് താന്‍ ഈ ഉദ്യമത്തിന് മുതിര്‍ന്നതെന്ന് ഹിമജ പറയുന്നു.
കുട്ടിക്കാലത്ത് അനാഥാലയത്തില്‍ വളര്‍ന്നതുകൊണ്ട് വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം എന്തെന്ന് തിരിച്ചറിഞ്ഞിരുന്നു. മാതാപിതാക്കള്‍ ഉണ്ടായിരുന്നിട്ടും മൂന്നാം വയസ്സുമുതല്‍ അനാഥാലയത്തിലായിരുന്നു. അനാഥക്കുട്ടികള്‍ക്കും ദരിദ്രര്‍ക്കും വിദ്യാഭ്യാസം നേടാന്‍ കഴിയാത്തതിന്റെ പ്രശ്‌നങ്ങള്‍ നേരിട്ട് തിരിച്ചറിഞ്ഞതുകൊണ്ട് ചെറിയ പ്രായത്തില്‍ തന്നെ കുട്ടികളുടെ വിദ്യാഭ്യാസത്തിനു വേണ്ടി പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചിരുന്നു- ഹിമജ പറയുന്നു.
ബിരുദപഠനകാലത്തു തന്നെ ഹിമജ മൂന്നു കുട്ടികളെ ദത്തെടുത്തിരുന്നു. 2015ല്‍ സ്ഥാപിച്ച ഹോപ് ഫോര്‍ ലൈഫ് ഫൗണ്ടേഷന് ഇന്ന് വിവിധ സംസ്ഥാനങ്ങളില്‍ ശാഖകളുണ്ട്. വിദ്യാഭ്യാസത്തിനു പുറമേ ആരോഗ്യവും ഫൗണ്ടേഷന്‍ കൈകാര്യം ചെയ്യുന്ന പ്രധാന വിഷയങ്ങളിലൊന്നാണെന്ന് ഹിമജ പറയുന്നു. ക്യാമ്പുകളും അവബോധ പരിപാടികളുമെല്ലാമാണ് ആരോഗ്യമേഖലയ്ക്കു വേണ്ടി ചെയ്യുന്നതെന്നും ഹിമജ പറയുന്നു.
Content Highlights: Orphaned as a child, Hyderabad woman starts NGO to educate underprivileged kids