രാമനാട്ടുകര: വീടിന്റെ രണ്ടാം നിലയില്‍ കൊച്ചുകുട്ടികളുടെ പരിമിതിയില്‍ സ്‌കൂള്‍ അന്തരീക്ഷമൊരുക്കി അവിടെ മുടങ്ങാതെ പഠനംതുടര്‍ന്ന സഹോദരിമാരെ അനുമോദിക്കാന്‍ അവരുടെ അധ്യാപകരെത്തി. ഫാറൂഖ്കോളേജ് കോടമ്പുഴ പള്ളിയാളി ഫൈസല്‍- സബിത ദമ്പതിമാരുടെ മക്കളായ ഇല്‍ഫ റെബിയെയും ഹൈഫയെയും കാണാനാണ് കരിങ്കല്ലായ് ജി.എം.എല്‍.പി. സ്‌കൂളിലെ അധ്യാപകരും പി.ടി.എ. ഭാരവാഹികളുമെത്തിയത്.

കരിങ്കല്ലായ് സ്‌കൂളിലെ നാലാം ക്ലാസ് വിദ്യാര്‍ഥിനിയാണ് ഇല്‍ഫ റെബി. എല്‍.കെ.ജിയില്‍ പഠിക്കുകയാണ് ഹൈഫ. വീടിന്റെ മുകളിലെനിലയാണ് ഇവര്‍ ക്ലാസ്സ് മുറി സജ്ജമാക്കിയത്. ക്ലാസ്സ് മുറിയെ ഓര്‍മിപ്പിക്കുമാറ് ചുമരില്‍ ചിത്രങ്ങള്‍, അക്ഷരമാലകള്‍, ക്ലാസും ഡിവിഷനും ചേര്‍ത്തുള്ള സൂചകങ്ങള്‍, ടൈംടേബിള്‍, ബോര്‍ഡ് എല്ലാം ഇവിടെയുണ്ട്.

എന്നും രാവിലെ 10 മണിക്ക് യൂണിഫോം അണിഞ്ഞ് ഐ.ഡി. കാര്‍ഡ് ഇട്ട് ടൈംടേബിള്‍ പ്രകാരം പുസ്തകങ്ങളും എടുത്ത് വെച്ച് സ്‌കൂളിലേക്ക് പോവും. സ്‌കൂളിലെപ്പോലെ ഇടവേളകളില്‍ താഴെ വരും. അതു കഴിഞ്ഞാല്‍ തിരികെ ക്ലാസ്സിലെത്തും. നാലു മണിക്ക് പഠനം അവസാനിപ്പിക്കും. ജൂണ്‍ ഒന്നു മുതല്‍ ഇവര്‍ക്കിതാണ് ശീലം. ഓണ്‍ലൈന്‍ ക്ലാസ് കേള്‍ക്കുന്നതും ഹോം വര്‍ക്ക് ചെയ്യുന്നതും എല്ലാം ഇവിടെ ഇരുന്നുതന്നെ.

പുറത്തിറങ്ങുന്നതിനും കൂട്ടുകാരുമായി ഒത്തുചേരുന്നതിനുള്ള സാഹചര്യം ഇല്ലാത്തതും ലോക്ഡൗണ്‍ വിരസത മാറ്റുന്നതിനും കുട്ടികള്‍ക്കിത് സഹായകരമാണെന്ന് രക്ഷിതാക്കള്‍ പറയുന്നു.

അനുമോദനച്ചടങ്ങില്‍ അധ്യാപകരായ ലത, സീനത്ത്, പി.ടി.എ. പ്രസിഡന്റ് എം.പി. നസീര്‍, വൈസ് പ്രസിഡന്റ് എന്‍.പി. യൂസുഫലി, എസ്.എസ്.ജി. ചെയര്‍മാന്‍ സമദ് കണ്ണംപറമ്പത്ത്, എക്‌സിക്യുട്ടീവ് അംഗം ജലീല്‍ പുള്ളാട്ട് എന്നിവര്‍ പങ്കെടുത്തു.

Content Highlights: Online classes 2021