നിയൊരിക്കലും ചലിക്കില്ലെന്നു വിചാരിച്ച കൈകൊണ്ട് സഹോദരിയെ മുറുകെപ്പിടിച്ച് സാവധാനം നടക്കാന്‍ ശ്രമിക്കുമ്പോഴും ആയിഷയുടെ കണ്ണുകള്‍ ആകാശത്താണ്. എട്ടുമക്കളുടെയും ഭര്‍ത്താവിന്റെയും അരികിലണയാനുള്ള മോഹം സാക്ഷാത്കരിക്കാന്‍ ആ വിമാനം വരുന്നുണ്ടോ? കാത്തിരിപ്പ് നീളില്ലെന്ന് ഉറപ്പിച്ച് ഒമാനില്‍നിന്ന് സന്ദേശമെത്തി.

മരണത്തെ അതിജീവിച്ച് ജീവിതം തിരികെപ്പിടിക്കാന്‍ ആയിഷ സലിം മുഹമ്മദ് അല്‍ ഗീലാനി എന്ന ഒമാന്‍ യുവതിക്ക് തുണയായത് കേരളമാണ്. ഡിസംബറിലാണ് ആയിഷ എറണാകുളം ആസ്റ്റര്‍ മെഡ്‌സിറ്റിയില്‍ എത്തിയത്. അധ്യാപികയായ ആയിഷയ്ക്കു കാലിന് വേദന വന്നതായിരുന്നു തുടക്കം. അതുമാറാന്‍ ചെയ്ത ശസ്ത്രക്രിയയ്‌ക്കൊടുവില്‍ കാലില്‍ രക്തം കട്ടപിടിച്ചു. ഇതിനിടയില്‍ ഹൃദയസ്തംഭനവുണ്ടായി. ആയിഷ മരണത്തിലേക്കു നീങ്ങുകയാണെന്നാണ് അവിടത്തെ ഡോക്ടര്‍മാര്‍ വിധിയെഴുതി. ശരീരം തളര്‍ന്ന് അതിഗുരുതരമായ നിലയിലാണ് ആസ്റ്റര്‍ മെഡ്സിറ്റിയില്‍ പ്രവേശിപ്പിച്ചത്.

ഡോ. കെ.എം. മാത്യുവിന്റെ നേതൃത്വത്തില്‍ മാസങ്ങള്‍നീണ്ട ചികിത്സയ്‌ക്കൊടുവിലാണ് ജീവിതത്തിലേക്ക് തിരിച്ചെത്തിയത്. ചികിത്സ ഫലപ്രദമായി വരുമ്പോഴാണ് ലോക് ഡൗണ്‍ പ്രഖ്യാപനം. ഇവിടെ കുടുങ്ങിയ ആയിഷയെ നാട്ടിലേക്ക് കൊണ്ടുപോകാന്‍ സഹായിക്കണമെന്ന് ഭര്‍ത്താവ് ജുമാ ബിന്‍ സലിം ബിന്‍ മുസ്ലിം അല്‍ ഖത്തിരി ഒമാന്‍ ഭരണകൂടത്തോട് അപേക്ഷിച്ചു.

സൈനികനായി വിരമിച്ച സലിം ബിന്‍ ഖത്തിരി രാജ്യത്തിനുവേണ്ടി ചെയ്ത സേവനം കണക്കിലെടുത്ത ഒമാന്‍സര്‍ക്കാര്‍, സൈന്യത്തോടുതന്നെ ആയിഷയെ തിരികെയെത്തിക്കാന്‍ നിര്‍ദേശിച്ചു. ഈയാഴ്ച അവസാനത്തോടെ ഒമാന്‍ മിലിട്ടറിവിമാനം കേരളത്തിലെത്തും. ''നിങ്ങളുടെ നാടാണ് എനിക്ക് ജീവിതം തിരികെത്തന്നത്. എല്ലാവരോടും നന്ദിയുണ്ട്. '' -ആയിഷ പറഞ്ഞു.

Content Highlights: Oman women waiting for flight from kerala to going back her family after her Treatment