വിവാഹം എന്നെന്നും ഓർമയിൽ തങ്ങുംവിധം സ്പെഷലാക്കാൻ ശ്രമിക്കുന്നവരുണ്ട്. വിവാഹക്ഷണക്കത്തിൽ തുടങ്ങി ആഘോഷങ്ങളിൽ വരെ വ്യത്യസ്തത പുലർത്തുന്നവർ. ഭരണഘടനയുടെ രൂപത്തിലുള്ള ക്ഷണക്കത്ത് വൈറലായി അധികമായില്ല. ഇപ്പോഴിതാ അതിനു സമാനമായി പരമ്പരാ​ഗത വിവാഹ ആചാരങ്ങളെ തിരുത്തിക്കുറിച്ച് ഭരണഘടനയെ സാക്ഷ്യപ്പെടുത്തി പ്രതിജ്ഞയെടുത്ത് ഒന്നായിരിക്കുകയാണ് ഒരു ദമ്പതികൾ. 

ഒഡീഷയിലെ ബെർഹാംപൂരിൽ നിന്നുള് ബിജയ് കുമാറും ശ്രുതി സക്സേനയുമാണ് വ്യത്യസ്തമാർന്ന വിവാഹത്തിലൂടെ വാർത്തയിലിടം നേടിയത്. ആർഭാടം നിറഞ്ഞ ആഘോഷ പരിപാടികളൊന്നുമില്ലാതെ തികച്ചും ലളിതമായ ചടങ്ങുകളോടെയാണ് ഇരുവരും വിവാഹിതരായത്. തികച്ചും ലളിതമായിരുന്നു ചടങ്ങുകൾ. വിവാഹദിനത്തിൽ സാമൂഹിക പ്രതിബദ്ധത മുറുകെചേർത്തുപിടിക്കാനും ഇരുവരും മറന്നില്ല.

വിവാഹം കഴിഞ്ഞയുടൻ ഇരുവരും രക്തദാനത്തിന് സന്നദ്ധരാവുകയായിരുന്നു. വിവാഹവേഷത്തിൽ സ്ട്രെക്ച്ചറിൽ കിടന്ന് രക്തദാനം ചെയ്യുന്ന ബിജയുടെയും ശ്രുതിയുടെയും ചിത്രങ്ങളും വൈറലായി. വിവാഹ വേദിക്ക് സമീപത്തുള്ള രക്തദാന ക്യാമ്പിലെത്തിയാണ് ഇരുവരും രക്തം ദാനം ചെയ്തത്. 

തീർന്നില്ല, വിവാഹ സമ്മാനങ്ങളുടെ കാര്യത്തിലും ഇരുവർക്കും കൃത്യമായ അഭിപ്രായമുണ്ടായിരുന്നു. ഉപഹാരങ്ങൾക്ക് പകരം കഴിയുന്നവർ രക്തദാനം നടത്തുന്നതാണ് തങ്ങൾക്ക് സന്തോഷമെന്ന് ഇരുവരും അറിയിച്ചു. അതേ അവസരത്തിൽ തന്നെ അതിഥികളോട് മരണാനന്തരം അവയവങ്ങൾ ദാനം ചെയ്യാനുള്ള പ്രതിജ്ഞയും വധൂവരന്മാർ എടുപ്പിച്ചു. 

ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ വച്ച് പരിചയപ്പെട്ട തങ്ങൾ വിവാഹം തീരുമാനിച്ചപ്പോഴേ വ്യത്യസ്തമായിരിക്കണമെന്ന് തീരുമാനിച്ചുവെന്ന് ശ്രുതി പറയുന്നു. സമൂഹത്തോടുള്ള കടമ പൂർത്തിയാക്കിയതു പോലെയാണ് തോന്നുന്നത്. മറ്റുള്ളവർക്കും ഇതു മാതൃകയാവുമെന്ന് പ്രതീക്ഷിക്കുന്നു- ശ്രുതി പറഞ്ഞു. 

Content Highlights: odisha couple takes oath on Indian constitution urges guests to donate blood and not gifts