ഭുവനേശ്വര്‍: ആശുപത്രിയിലേയ്ക്ക് പോവുകയായിരുന്ന ഗര്‍ഭിണിയായ യുവതിയെ പൊരിവെയിലില്‍ മൂന്ന് കിലോമീറ്റര്‍ നടത്തിച്ച പോലീസ് ഉദ്യോഗസ്ഥയെ സസ്‌പെന്‍ഡ് ചെയ്തു. ഒഡിഷയിലെ മയൂര്‍ബഞ്ജിലാണ് സംഭവം.

ഭര്‍ത്താവിനൊപ്പം ആശുപത്രിയില്‍ പരിശോധനയ്ക്ക് പോവുകയായിരുന്ന ഗുരുബാരി എന്ന യുവതിയെ ബൈക്കിന്റെ പിന്‍സീറ്റില്‍ ഹെല്‍മറ്റ് ധരിക്കാതെ ഇരുന്നതിന്റെ പേരിലാണ് പോലീസ് തടഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങള്‍ കാരണമാണ് ഗുരുബാരി ഹെല്‍മറ്റ് ധരിക്കാതിരുന്നതെന്ന് ഭര്‍ത്താവ് ബിക്രം ബിരുലി പറഞ്ഞുനോക്കിയെങ്കിലും സാരത്ത് പോലീസ് സ്‌റ്റേഷനിലെ ഓഫീസര്‍ ഇന്‍ ചാര്‍ജായ റീന ബക്‌സല്‍ അത് ചെവിക്കൊണ്ടില്ല. പിഴയായി അഞ്ഞൂറ് രൂപ അടയ്ക്കണമെന്ന് ശഠിച്ച റീന ബക്‌സല്‍ പിഴ മൂന്ന് കിലോമീറ്റര്‍ അകലെയുള്ള പോലീസ് സ്‌റ്റേഷനില്‍ നേരിട്ട് പോയി അടയ്ക്കണമെന്നും ആവശ്യപ്പെട്ടു. ഇതിനെ തുടര്‍ന്ന് പൊരിവെയിലില്‍ ഭാര്യയെയും കൂട്ടി നടന്നുപോയി പിഴ അടച്ചശേഷം ബിക്രം ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇതു സംബന്ധിച്ച് പരാതി നല്‍കി. ഇതിനെ തുടര്‍ന്നാണ് റീന ബക്‌സലിനെ മയൂര്‍ബഞ്ജ് എസ്.പി അന്വേഷണവിധേയമായി സസ്‌പെന്‍ഡ് ചെയ്തത്.

Content Highlights: Odisha Cop Suspended For Making Walk Pregnant Woman in Hot Sun