സ്റ്റാറ്റിസ്റ്റിക്സ് ആൻഡ് പ്രോഗ്രാം ഇംപ്ലിമെന്റേഷൻ മന്ത്രാലയം നടത്തിയ സർവേയിൽ ശമ്പളം ലഭിക്കുന്ന ജോലിയിൽ രാജ്യത്തെ 18.4 ശതമാനം സത്രീകൾ മാത്രമാണെന്ന് കണ്ടെത്തൽ. എന്നാൽ 57.3 ശതമാനം പുരുഷൻമാർ വരുമാനം ലഭിക്കുന്ന ജോലിക്കാരാണ്. പുരുഷൻമാർ ശരാശരി ഏഴ് മണിക്കൂർ 39 മിനിറ്റ് വരുമാനം ലഭിക്കുന്ന ജോലികളിൽ മുഴുകുമ്പോൾ സ്ത്രീകൾ അഞ്ച് മണിക്കൂർ മുപ്പത്തിമൂന്ന് മിനിറ്റ് മാത്രമാണ് ഇത്തരം ജോലികളിൽ ഏർപ്പെടുന്നത്. ടൈം യൂസ് സർവെ എന്ന പേരിൽ രാജ്യത്ത് ആദ്യമായാണ് ഇത്തരത്തിൽ ഒരു കണക്കെടുപ്പ് നടത്തുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 38.2 ശതമാനം ആളുകൾ മാത്രമാണ് തൊഴിൽ, തോഴിലധിഷ്ഠിത മേഖലകളിൽ പ്രവർത്തിക്കുന്നത്. ദിവസത്തിൽ അത് ഏകദേശം 429 മിനിറ്റാണ്.

വരുമാനം ലഭിക്കുന്നതും ഇല്ലാത്തതുമായ തൊഴിലുകളിൽ ഏർപ്പെടുന്ന സ്ത്രീകളുടെയും പുരുഷൻമാരുടെയും കണക്ക് കണ്ടെത്താനായാണ് സർവേ സംഘടിപ്പിച്ചത്. ജനുവരി 2019 മുതൽ ഡിസംബർ 2019 വരെയാണ് സർവേ നടത്തിയത്. രാജ്യത്തിന്റെ പലഭാഗത്തുനിന്നായി 1.39 ലക്ഷം വീടുകളിലെ 4.47 ലക്ഷം ആളുകളിലായിരുന്നു സർവേ.

ഇതിനർത്ഥം സ്ത്രീകൾക്ക് പണിയൊന്നുമില്ല എന്നല്ല. ബാക്കി സമയം സ്ത്രീകൾ വീട്, കുടുംബം, കുട്ടികൾ, വീട്ടുജോലികൾ തുടങ്ങിയവയിൽ പെട്ടുപോകുകയാണെന്നും നാഷണൽ സാമ്പിൾ സർവെ കണ്ടെത്തിയിട്ടുണ്ട്.

സർവേ അനുസരിച്ച് ഭക്ഷണം പാകം ചെയ്യൽ, വീട് വൃത്തിയാക്കൽ തുടങ്ങിയ വീട്ടുജോലികൾ എല്ലാം ചെയ്യുന്നത് 81.2 ശതമാനം സ്ത്രീകളാണ്. ഓരോ ദിവസത്തെയും കണക്കാണ് ഇത്. അതിൽ 26.1 ശതമാനം പുരുഷൻമാർ മാത്രമാണ് ഇത്തരം ജോലികളിൽ ഏർപ്പെടുന്നത്. സ്ത്രീകൾ ദിവസത്തിൽ ഏകദേശം അഞ്ച് മണിക്കൂറും വീട്ടുജോലികൾക്കായി മാറ്റുമ്പോൾ പുരുഷൻമാർ ഒന്നരമണിക്കൂർ മാത്രമാണ് ചെലവഴിക്കുന്നത്. പ്രായമായവരോ കിടപ്പിലായവരോ ചെറിയ കുട്ടികളോ ഉള്ള വീടുകളിൽ 14 ശതമാനം പുരുഷൻമാർ അവരെ നോക്കാനായി സമയം ചെലവഴിക്കുമ്പോൾ സ്ത്രീകളുടെ എണ്ണം ഇരട്ടിയാണ്. 27.6 സ്ത്രീകൾ ഇത്തരം പരിചരണജോലികൾക്കായി സമയം മാറ്റി വയ്ക്കുന്നു.

Content Highlights:NSS confirms household, unpaid work falls on women