ല്ലാ മാസവും ആര്‍ത്തവ കാലത്ത് സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ ചെറുതല്ല. ആര്‍ത്തവകാലത്തെ  വേദനയും മൂഡ് സ്വിങ്‌സും കാരണം ഓരോ സ്ത്രീകള്‍ക്കും വര്‍ഷത്തില്‍ ഒമ്പത് ദിവസം അവരുടെ പ്രവര്‍ത്തനക്ഷമത കുറയുന്നു എന്നാണ് പഠനങ്ങള്‍. എന്നാല്‍ ഈ വേദനകുറയ്ക്കാന്‍ കഞ്ചാവടങ്ങിയ മരുന്നുകള്‍ക്ക് സാധിക്കുമെന്നാണ് പുതിയ കണ്ടെത്തല്‍. 

ന്യൂഡല്‍ഹി ആസ്ഥാനമായ ഹെംപ് സ്ട്രീറ്റ് കമ്പനിയാണ് 'ത്രിലോക്യ വിജയവാടി' എന്ന പേരില്‍ ആര്‍ത്തവവേദന കുറയ്ക്കുന്ന ഈ മരുന്ന്  വിപണിയില്‍ ഇറക്കാന്‍ പോകുന്നത്. 

'ഓരോ മാസവും സ്ത്രീകള്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറിച്ച് തുറന്ന് സംസാരിക്കാന്‍ പോലും സാധിക്കാത്ത സാഹചര്യമാണ് നമ്മുടെ സമൂഹത്തില്‍. മാത്രമല്ല വേദനക്കുള്ള അലോപതി മരുന്നുകള്‍ പലതും പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കുന്നവയാണ്.'  അതിനാലാണ് ശാസ്ത്രീയമായി ആയുര്‍വേദ മരുന്നു തയ്യാറാക്കാന്‍ തീരുമാനിച്ചതെന്ന് ഹെംപ് സ്ട്രീറ്റ് സ്ഥാപകരിലൊരാളായ ശ്രെയ് ജെയിന്‍ പറയുന്നു. കഞ്ചാവ് ഉപയോഗിച്ചുള്ള 15 മരുന്നുകള്‍ നിലവില്‍ കമ്പനി ഉല്‍പ്പാദിപ്പിക്കുന്നുണ്ട്. ഇതിന് എല്ലാവിധ അനുമതികളുമുണ്ടെന്നും ശ്രേയ് പറയുന്നു.

ലോകത്തെ 85 ശതമാനം സ്ത്രീകളും പിരീഡ്സ് കാലത്ത് വലിയ ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവിക്കാറുണ്ടെന്നും ഇതിന് പരിഹാരമായി കഞ്ചാവില്‍ നിന്ന് ഉദ്പാദിപ്പിക്കുന്ന മരുന്നുകള്‍ ഉപയോഗിക്കാമെന്നുമാണ് ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനം പറയുന്നത്.  

കഞ്ചാവ് ചെടിയില്‍ അടങ്ങിയ കന്നാബിനോയ്ഡ് വേദന, ഉറക്കക്കുറവ്, വിഷാദരോഗം, ആശങ്ക അപസ്മാരം, മള്‍ട്ടിപ്പിള്‍ സ്‌ക്ലീറോസിസ്, ലൈംഗിക രോഗങ്ങള്‍ എന്നിവക്കു ചികില്‍സക്കായി ഉപയോഗിക്കുന്നുണ്ട്. ഇന്ത്യയടക്കമുള്ള രാജ്യങ്ങളുടെ നിലപാടിന്റെ അടിസ്ഥാനത്തില്‍ അപകടകരമായ ലഹരിമരുന്നുകളുടെ പട്ടികയില്‍ നിന്ന് ഐക്യരാഷ്ട്ര സഭ കഞ്ചാവിനെ നീക്കിയത് ഈ അടുത്ത കാലത്താണ്.

Content Highlights: No More Menstrual Cramps, Medicinal Cannabis to Rescue