തിരുവനന്തപുരം: പൊതുവാഹനങ്ങളിലെ സ്ത്രീയാത്രക്കാർക്ക് സുരക്ഷയൊരുക്കാൻ 2019-ൽ തയാറാക്കിയ നിർഭയ പദ്ധതി പൂർണമായില്ല.

ബസുകൾ, സ്കൂൾവാഹനങ്ങൾ, ടാക്സികൾ എന്നിവയുടെ യാത്ര നിരീക്ഷിക്കുന്നതിന് ജി.പി.എസ്. ഘടിപ്പിക്കുകയും അടിയന്തരഘട്ടങ്ങളിൽ യാത്രക്കാർക്ക് സഹായം തേടാൻ പാനിക് ബട്ടൺ ഏർപ്പെടുത്താനുമായിരുന്നു തീരുമാനം.

തുടക്കത്തിൽ വേഗത്തിലാണ് കാര്യങ്ങൾ നീങ്ങിയത്. 6.41 കോടി ചെലവിട്ട് തിരുവനന്തപുരത്ത് മാസ്റ്റർ കൺട്രോൾ റൂമും 17 ആർ.ടി. ഓഫീസുകളിലായി മിനി കൺട്രോൾ റൂമുകളും സജ്ജീകരിച്ചു. വാഹനങ്ങളുടെ ജി.പി.എസ്. യൂണിറ്റുകൾ ബന്ധിപ്പിക്കുന്നതിന് സർവറും ഒരുക്കി. എന്നാൽ സമയബന്ധിതമായി വാഹനങ്ങളിൽ ജി.പി.എസ്. ഘടിപ്പിക്കാൻ സർക്കാർ തയാറായില്ല.

വാഹന ഉടമകളുടെ സമ്മർദത്തിന് വഴങ്ങി ഒരോ തവണയും ഇളവ് അനുവദിച്ചു. കെ.എസ്.ആർ.ടി.സിയും സാവകാശം തേടി. അതിവേഗം, റൂട്ട് റദ്ദാക്കൽ, സമയംതെറ്റിയുള്ള യാത്ര എന്നിവ പിടിക്കപ്പെടുമെന്നതിനാൽ ഒരു വിഭാഗം സ്വകാര്യബസുകാർ ജി.പി.എസിനെ എതിർക്കുന്നുണ്ട്.

യാത്രക്കാർക്ക് അസൗകര്യമായി എന്തെങ്കിലും യാത്രയ്ക്കിടെ സംഭവിച്ചാൽ ഉടൻ അധികൃതരുടെ സഹായം തേടാനാകും. ഇത് മത്സരഓട്ടത്തിന് തടസ്സമാണ്. യാത്രക്കാർ അപ്പോൾത്തന്നെ പരാതിപ്പെടാനിടയുണ്ട്. വാഹനങ്ങൾ തത്സമയം കൺട്രോൾ റൂമിൽ നിരീക്ഷിക്കുന്നതിനെ ചില ടിപ്പർലോറി ഉടമകളുടെ സംഘടനകളും എതിർക്കുന്നുണ്ട്.

കെ.എസ്.ആർ.ടി.സി. ബസുകൾ 2019 ജനുവരിയിലും 13 സീറ്റിന് മുകളിലുള്ള കരാർ വാഹനങ്ങൾ ഡിസംബറിലും ബസുകളും ചരക്ക് വാഹനങ്ങളും 2020 ഫെബ്രുവരിയിലും ടാക്സികൾ മാർച്ചിന് മുമ്പും ജി.പി.എസ്. ഘടിപ്പിക്കാനായിരുന്നു സർക്കാരിന്റെ ആദ്യ ഉത്തരവ്. 10,000 രൂപയ്ക്ക് താഴെ വരുന്ന ജി.പി.എസ്. ഘടിപ്പിക്കുന്നതിന് പലകാരണങ്ങൾ പറഞ്ഞ് സർക്കാർ കാലാവധി നീട്ടിനൽകി. കോവിഡ് ലോക്ഡൗണും ഇളവിന് കാരണമായി. ഡിസംബറിലാണ് കാലാവധി തീരുന്നത്.

Content highlights:nirbhaya scheme is not fully completed by kerala government