കോട്ടയം: രോഗങ്ങളും കടബാധ്യതയും ഒരുവശത്ത്. ഏക ആശ്രയമായിരുന്ന മകളുടെ അകാലവിയോഗം മുറിപ്പാടായി ഉള്ളിൽ. പാലാ സെയ്‌ന്റ് തോമസ് കോളേജ് വളപ്പിൽ, സഹപാഠി കൊലപ്പെടുത്തിയ നിഥിനയുടെ അമ്മ ബിന്ദുവിന് വേണ്ടത് സമൂഹത്തിന്റെ അകമഴിഞ്ഞ പിന്തുണയാണ്. നിലവിൽ ചില സംഘടനാ സഹപ്രവർത്തകരും ജനപ്രതിനിധികളും സഹായവുമായി ഒപ്പമുണ്ടെങ്കിലും 10 ലക്ഷം രൂപയെങ്കിലും ഈ അമ്മയ്ക്ക് വേണം.

തലയോലപ്പറമ്പ് കളപ്പുരയ്ക്കൽ കെ.ബിന്ദുവിന്റെ മകൾ നിഥിനാമോൾ (22) ഒക്ടോബർ ഒന്നിനാണ് കോളേജ് വളപ്പിൽ കൊല്ലപ്പെട്ടത്. കോളേജിലേക്ക് ഇറങ്ങുംമുമ്പും അമ്മയും മകളും സംസാരിച്ചത് ബാങ്കിലെ ബാധ്യത തീർക്കാനുള്ള വഴികളായിരുന്നു. ബാങ്കിലേക്ക് പോകാൻ ബിന്ദുവിനെ ബസ് സ്റ്റോപ്പിലിറക്കിയാണ് നിഥിന സ്കൂട്ടറിൽ കോളേജിലേക്ക് തിരിച്ചത്. അമ്മയെ ഫോണിൽ വിളിച്ച മകൾ അവസാനം പറഞ്ഞത് അഭിഷേക് ബൈജു, തന്നെ തടഞ്ഞുവെച്ചിരിക്കുന്നെന്ന പരാതിയാണ്.

പിന്നെ കേട്ടത് മകളുടെ നിലവിളിയാണെന്ന് അമ്മ പറഞ്ഞു. മകളുടെ അന്ത്യനിമിഷങ്ങളായിരുന്നു അതെന്ന് അമ്മ ഒരിക്കലും കരുതിയില്ല. സഹപാഠി മകളുടെ ജീവനെടുത്തെന്ന യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ വിഷമിക്കുന്ന ഈ അമ്മ, മകൾ കണ്ട സ്വപ്നങ്ങളാണ് ഇപ്പോഴും പറഞ്ഞുകൊണ്ടിരിക്കുന്നത്.

ഏറെ ആശയോടെയാണ് ഇവർ തലയോലപ്പറമ്പ് കോരിക്കലിൽ അഞ്ചുസെന്റ് സ്ഥലം വാങ്ങിയത്. മുൻ ഉടമ തലയോലപ്പറമ്പ് ഫാർമേഴ്സ് ബാങ്കിൽ ഭൂമി ഈടുവെച്ച് വായ്പ എടുത്തത് ഇവർ അറിഞ്ഞിരുന്നില്ല. മുൻഉടമ വരുത്തിയ ബാധ്യത ബിന്ദു വീട്ടണം എന്നായിരുന്നു ബാങ്കിന്റെ ആവശ്യം. ഇതിൽ ബിന്ദു നൽകിയ പരാതികളിൽ അനുകൂല തീരുമാനം വന്നെങ്കിലും ബാങ്ക് ബാധ്യതയിൽനിന്ന് ഒഴിവാക്കിയിട്ടില്ല.

ബിന്ദുവിന്റെ വൃക്ക, കരൾ, ശ്വാസകോശം എന്നിവയ്ക്ക് രോഗമാണ്. ഇതിനെല്ലാം ദീർഘനാളത്തെ ചികിത്സയും വേണം. പഠിച്ച് നല്ലൊരു ജോലികിട്ടിയാൽ കടം വീട്ടാനും അമ്മയെ ചികിത്സിക്കാനും കഴിയുമെന്ന് നിഥിന എപ്പോഴും പറയുമായിരുന്നു.

ബിന്ദുവിന്റെ ബാങ്ക് വിവരം: ബാങ്ക് ഓഫ് ബറോഡ, വൈക്കം ബ്രാഞ്ച്, അക്കൗണ്ട് നമ്പർ-30580100004769, ഐ.എഫ്.എസ്.കോഡ്-barb0vaikom

Content highlights: nidhinamol's mother needs society's help