പ്രസവാവധി കഴിഞ്ഞ് പാര്‍ലമെന്റ് തിരക്കുകളിലേക്ക് തിരികെയെത്തിയിരിക്കുകയാണ് ന്യൂസീലന്‍ഡ് പ്രധാനമന്ത്രി ജസീന്ത ആര്‍ഡേണ്‍. പ്രധാനമന്ത്രിപദത്തിലിരിക്കേ അമ്മയാകുന്ന ആദ്യ ന്യൂസീലന്‍ഡ് പ്രധാനമന്ത്രിയായ ജസീന്തയുടെ പ്രസവാവധി വ്യാഴാഴ്ച അവസാനിച്ചിരുന്നു. അടുത്തമാസം ഐക്യരാഷ്ട്രസഭയില്‍ നടക്കുന്ന സമ്മേളനത്തില്‍ ജസീന്തയ്‌ക്കൊപ്പം ആറാഴ്ച പ്രായമുള്ള മകള്‍ നിവിയുമുണ്ടാകും.

ആദ്യദിവസം മാധ്യമങ്ങള്‍ക്ക് അഭിമുഖങ്ങള്‍നല്‍കി അവര്‍ ശ്രദ്ധേയയായി. 'ന്യൂസീലന്‍ഡ് ജനതയെ തനിക്ക് സമ്മാനമായി ലഭിച്ചതുപോലെയാണ് തോന്നിയത്. നിവിക്കൊപ്പവും എന്റെ സംഘാംഗങ്ങള്‍ക്കൊപ്പവുമുണ്ടായിരുന്ന ദിവസങ്ങള്‍ വിസ്മയകരമായിരുന്നു. ഇത് വിശിഷ്ടമായ ഒരു അവസ്ഥയാണ്. ജോലിയിലേക്ക് തിരികെ വരാന്‍ ഞാന്‍ ഏറെ കാത്തിരിക്കുന്നു' -ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ ആര്‍ഡേണ്‍ പറഞ്ഞു.

താനും പങ്കാളി ക്ലാര്‍ക് ഗെയ്‌ഫോര്‍ഡും കുഞ്ഞിന്റെ സ്വകാര്യത സംരക്ഷിക്കുമെന്നും അവര്‍ വിശദീകരിച്ചു. ടെലിവിഷന്‍ അവതാരകനായിരുന്ന ആര്‍ഡേണിന്റെ ഭര്‍ത്താവ് ജോലിയുപേക്ഷിച്ച് കുഞ്ഞിന്റെ കാര്യങ്ങള്‍ നോക്കാനായി വീട്ടിലിരിക്കും. അവധിയിലായിരുന്നപ്പോള്‍ രാജ്യത്തിന്റെ കാര്യങ്ങളേക്കാള്‍ കൂടുതല്‍ ആകുലപ്പെട്ടത് ഭക്ഷണം, ഉറക്കം, കുഞ്ഞിന്റെ കാര്യങ്ങള്‍ എന്നിവയെക്കുറിച്ചാണെന്നും ആര്‍ഡേണ്‍ പറഞ്ഞു.

2017 ഒക്ടോബറില്‍ പ്രധാനമന്ത്രിയായി അധികാരമേറ്റെടുത്ത ആര്‍ഡേണ്‍ മൂന്നുമാസത്തിനുശേഷമാണ് അമ്മയാകാന്‍പോകുന്ന വിവരം പരസ്യപ്പെടുത്തിയത്.

Content highlights: New Zealand PM Jacinda Ardern returns from maternity leave