ബെയ്ജിങ്: ലൈംഗിക ആരോപണം ഉന്നയിച്ചശേഷം കാണാതായ ടെന്നീസ് താരം പെങ് ഷുവായിയുടെ വീഡിയോ ഞായറാഴ്ച പുറത്തുവന്നു. ചൈന ഓപ്പണിന്റെ ഔദ്യോഗിക വെബിബോ അക്കൗണ്ടിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. നേവി നിറമുള്ള സ്‌പോര്‍ട്‌സ് ജാക്കറ്റും ട്രാക്ക് പാന്റും അണിഞ്ഞു നില്‍ക്കുന്ന പെങ്ങിനെ വീഡിയോയില്‍ കാണാന്‍ കഴിയും. 

വേള്‍ഡ് ടെന്നീസ് അസോസിയേഷന്‍, യു.എസ്. ഓപ്പണ്‍, വിംബിള്‍ഡണ്‍, ടെന്നീസ് താരങ്ങളായ ആന്‍ഡി മുറെ, നൊവാക് ദ്യോകോവിച്ച് എന്നിവരെ ടാ​ഗ് ചെയ്താണ് വീഡിയോ ട്വീറ്റ് ചെയ്തിരിക്കുന്നത്.

അതേസമയം, ചൈനീസ് ടെന്നീസ് താരം പെങ് ഷുവായി എവിടെയാണെന്നത് സംബന്ധിച്ച് വ്യക്തമായ തെളിവ് പുറത്തുവിടണമെന്ന് ചൈനയോട് യു.കെ. സര്‍ക്കാര്‍ ആവശ്യപ്പെട്ടു. യു.കെ.യ്ക്ക് പുറമെ യു.എസും ഐക്യരാഷ്ട്രസഭയും പെങ് എവിടെയാണെന്നത് സംബന്ധിച്ച് വിവരങ്ങള്‍ പുറത്ത് വിടണമെന്ന് ആവശ്യപ്പെട്ടിരുന്നു. 

പെങ് ഷുവായിയുടെ നിരോധാനം സംബന്ധിച്ച് ഞങ്ങള്‍ ആശങ്കയിലാണ്. അവരെ സംബന്ധിച്ച വാര്‍ത്തകള്‍ സൂക്ഷ്മമായി നിരീക്ഷിച്ച് വരികയാണ്. പ്രത്യാഘാതമുണ്ടാകുമെന്ന ഭയപ്പാടില്ലാതെ തുറന്നുപറയാന്‍ എല്ലാവരെയും അനുവദിക്കണം. ലൈംഗിക പീഡനം സംബന്ധിച്ച എല്ലാ റിപ്പോര്‍ട്ടുകളും, ലോകത്തിന്റെ ഏതുഭാഗത്തായാലും അന്വേഷിക്കപ്പെടണം-യു.കെ.യുടെ വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി

ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയിലെ പ്രമുഖ നേതാവും മുന്‍ ഉപപ്രധാനമന്ത്രിയുമായ ഷാങ് ഗാവോലിക്കെതിരേയാണ് ഈ മാസം ആദ്യം പെങ് ലൈംഗിക ആരോപണം ഉന്നയിച്ചത്. ഇതിനുശേഷം പെങ് എവിടെയാണെന്നതുസംബന്ധിച്ച് വിവരം പുറംലോകം അറിഞ്ഞിട്ടില്ല. 

 

ട്വിറ്റര്‍ പോലെ ചൈനയില്‍ ഉപയോഗത്തിലുള്ള വെബിബോയിലെ ദീര്‍ഘമായ കുറിപ്പിലൂടെയാണ് ഗവോലിക്കെതിരേ  പെങ് ആരോപണം ഉന്നയിച്ചത്. ഗവോലിക്കുള്ള കത്തിന്റെ രൂപത്തിലായിരുന്നു പോസ്റ്റ്. പത്തുവര്‍ഷത്തോളം താനുമായി ഗവോലിക്ക് ബന്ധമുണ്ടായിരുന്നുവെന്നും ലൈംഗിക ബന്ധത്തിലേര്‍പ്പെടാനായി ഗവോലി തന്നെ നിര്‍ബന്ധിച്ചതായും കുറിപ്പില്‍ പെങ് ആരോപിച്ചു. എന്നാല്‍, പെങ്ങിന്റെ ആരോപണം പുറത്തുവന്ന് 30 മിനിറ്റുകള്‍ക്കുള്ളില്‍ പോസ്റ്റ് വിബിബോയില്‍ നിന്ന് അപ്രത്യക്ഷമായി. എല്ലാ സാമൂഹിക മാധ്യമങ്ങളില്‍നിന്നും സ്‌ക്രീന്‍ ഷോട്ട് അടക്കമുള്ളവ നീക്കം ചെയ്തു. വിംബിള്‍ഡണ്‍, ഫ്രഞ്ച് ഓപ്പണ്‍ ഡബിള്‍സ് ചാംപ്യനാണ് പെങ് ഷുയി. 

Content highlights: China release new video of peng Shuai