തൃശ്ശൂര്‍: അനാരോഗ്യം കാരണം കോളേജിലെ അധ്യാപകജോലി രാജിവെച്ച് വീട്ടിലിരിക്കുമ്പോഴാണ് മിച്ചം വരുന്ന പഴങ്ങളും പച്ചക്കറികളും വെറുതെ വലിച്ചെറിയാതെ എന്തുചെയ്യാനാകുമെന്ന് പ്രിയ റാവു ചിന്തിച്ചത്. ഇത്തരം സാധനങ്ങള്‍ ഉണക്കി സൂക്ഷിച്ചാലോയെന്ന ആശയത്തില്‍ പ്രിയ എത്തി. പഴങ്ങളും പച്ചക്കറികളും ഉണക്കിയെടുക്കാന്‍ ഒരു ഉപകരണം നിര്‍മിച്ചാലെന്തായി എന്നായി അടുത്ത ചിന്ത. തുടര്‍ന്ന് കേരളാ കാര്‍ഷിക സര്‍വകലാശാലയുടെ അഗ്രി ബിസിനസ് ഇന്‍കുബേറ്ററിലേക്ക് തന്റെ ആശയം പ്രിയ അയച്ചു. 

അത് മള്‍ട്ടിപ്പിള്‍ മാഗ്നറ്റോണ്‍ ഹീറ്റിങ് സിസ്റ്റം എന്ന ഉണക്കല്‍ യന്ത്രത്തിന്റെ പിറവിക്ക് കാരണമായി. മൈക്രോവേവ് അധിഷ്ഠിത ദ്രുതനിര്‍ജലീകരണ സംവിധാനമാണ് യന്ത്രത്തില്‍ ഉപയോഗിച്ചിരിക്കുന്നത്. 

അഗ്രി ബിസിനസ് ഇന്‍കുബേറ്ററില്‍ ഒരുപാട് കണ്ടെത്തലുകള്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ടെങ്കിലും ഈ യന്ത്രത്തിന് സവിശേഷതകളുണ്ട്. വികസിപ്പിച്ചയാളിനുമുണ്ട് ഏറെ പ്രത്യേകതകള്‍. 50-ാം വയസ്സിലെ കണ്ടെത്തല്‍ പ്രിയയെ സംരംഭകയാക്കി. ഉത്പന്നം നിര്‍മിക്കുന്ന പെലിക്കോണ്‍ തെര്‍മോജനിക്‌സ് എന്ന സ്ഥാപനത്തിന്റെ സാരഥിയാക്കി. കണ്ടെത്തല്‍ പ്രിയയെ പുരസ്‌കാരജേതാവാക്കി. 

സംരംഭകരുടെ ആഗോള കൂട്ടായ്മയായ 'ടൈ' യുടെ കേരള ഘടകം നടത്തിയ വിമന്‍ ഗ്ലോബല്‍ പിച്ച് മത്സരത്തില്‍ കേരളത്തില്‍ നിന്ന് വിജയിയായത് പ്രിയ റാവുവാണ്. ഒക്ടോബര്‍ 17-ന് ദുബായില്‍ തുടങ്ങുന്ന ആഗോളമത്സരത്തില്‍ പ്രിയ പങ്കെടുക്കും. കേരള സ്റ്റാര്‍ട്ടപ്പ് മിഷന്റെ ഏഴുലക്ഷം രൂപ ഇന്നൊവേഷന്‍ ഗ്രാന്റായും കിട്ടി.

അഞ്ച് അന്താരാഷ്ട്ര പേറ്റന്റുണ്ട് ഉത്പന്നത്തിന്. 100 ലിറ്റര്‍ ശേഷിയുള്ളതിന് 4.1 ലക്ഷമാണ് വില. ശേഷി കൂടിയതും നിര്‍മിക്കാന്‍ തയ്യാറെടുക്കുകയാണ്. എല്ലാത്തിനും പിന്തുണയുമായി ഭര്‍ത്താവ് ഡോ.സി.എന്‍. മനോജ് കൂടെയുണ്ട്.

Content highlights: new invention to dry fruits and vegetables invented by priya rao