സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ നാള്‍ക്കുനാള്‍ വര്‍ധിച്ചുകൊണ്ടിരിക്കുകയാണ്. രാജ്യത്തെ നടുക്കിയ നിര്‍ഭയ സംഭവം മുതല്‍ സ്ത്രീകള്‍ അസമയത്ത് പുറത്തിറങ്ങുന്നതാണ് ബലാത്സംഗങ്ങള്‍ നടക്കാന്‍ കാരണം എന്ന വിചിത്രവാദങ്ങള്‍ കേട്ടിരുന്നു. ഇപ്പോഴിതാ ദേശീയ വനിതാ കമ്മീഷന്‍ അംഗം ചന്ദ്രമുഖി ദേവിയും സമാനമായ പ്രസ്താവനയുമായി രംഗത്തെത്തിയിരിക്കുകയാണ്.
അടുത്തിടെ ഉത്തര്‍പ്രദേശില്‍ അമ്പതുകാരിയായ അംഗന്‍വാടി ജീവനക്കാരി കൂട്ടബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ടിരുന്നു. ആറുമണിയോടെ അമ്പലത്തിലേക്ക് പോയ സ്ത്രീയെ പിന്നീട് കാണാതാവുകയായിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ബലാത്സംഗം ചെയ്ത് കൊല്ലപ്പെട്ട നിലയില്‍ വീടിന് സമീപത്തുനിന്ന് ശരീരം ലഭിക്കുന്നത്. ഈ സംഭവത്തോട് പ്രതികരിക്കവേയാണ് ചന്ദ്രമുഖീ ദേവി വിവാദപരാമര്‍ശം നടത്തിയത്. അസമയങ്ങളില്‍ സ്ത്രീകള്‍ പുറത്തിറങ്ങാതിരുന്നാല്‍ ബലാത്സംഗങ്ങള്‍ തടയാനാവുമെന്നാണ് ചന്ദ്രമുഖി പറഞ്ഞത്. നേരം വൈകി അമ്പലത്തില്‍ പോയില്ലായിരുന്നുവെങ്കില്‍ ഉത്തര്‍പ്രദേശിലെ ബലാത്സംഗം സംഭവിക്കില്ലായിരുന്നുവെന്നും അവര്‍ പറഞ്ഞു.
BIZARRE: NCW member Chandramukhi lectures women on timings of them venturing out, says the Badaun incident wouldn’t have happened had the women not gone out alone in EVENING!
— Prashant Kumar (@scribe_prashant) January 7, 2021
She was sent by NCW to visit the kin of victim in Badaun. pic.twitter.com/jUpltuBtea
''ആരുടെ സമ്മര്‍ദത്തിലും അസമയങ്ങളില്‍ പുറത്തുപോവരുതെന്ന് ഞാന്‍ വീണ്ടും വീണ്ടും സ്ത്രീകളോട് പറയുകയാണ്, ആ സ്ത്രീ വൈകുന്നേരം പുറത്തു പോയില്ലായിരുന്നുവെങ്കിലോ അതല്ലെങ്കില്‍ കുടുംബത്തിലെ ഏതെങ്കിലും കുട്ടിയെ കൂട്ടിയോ പോയിരുന്നെങ്കില്‍ ചിലപ്പോള്‍ ഈ സംഭവം ഒഴിവാക്കാനായേനെ. പക്ഷേ ഇത് മുന്‍കൂട്ടി ആസൂത്രണം ചെയ്യപ്പെട്ടതാണ്, ഫോണ്‍കോള്‍ വഴിയാണ് അവരെ വിളിച്ചത്. അവര്‍ പുറത്തുപോവുകയും ഈ അവസ്ഥയില്‍ തിരിച്ചുവരുകയും ചെയ്തു.''- ചന്ദ്രമുഖി ദേവി പറഞ്ഞു.
എന്നാല്‍ ഉത്തരവാദിത്തമുള്ള പദവി വഹിക്കുന്ന ചന്ദ്രമുഖിയില്‍ ഒരിക്കലും ഇത്തരമൊരു പ്രസ്താവന വരാന്‍ പാടില്ലായിരുന്നുവെന്നു പറഞ്ഞ് വിമര്‍ശനങ്ങള്‍ നിറയുകയാണ്. വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ രേഖാ ശര്‍മയടക്കം പ്രതിഷേധം പ്രകടിപ്പിച്ച് രംഗത്തെത്തി. എന്തുകൊണ്ടാണ് ഒരു വനിതാ കമ്മീഷന്‍ അംഗം ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ലെന്നും സ്ത്രീകള്‍ക്ക് അവര്‍ ആഗ്രഹിക്കുന്ന ഏതിടങ്ങളിലേക്കും എപ്പോള്‍ വേണമെങ്കിലും പോകാന്‍ അവകാശമുണ്ടെന്നും രേഖ പറഞ്ഞു. സ്ത്രീകള്‍ക്ക് സുരക്ഷിതമായ ഇടങ്ങളൊരുക്കേണ്ടത് സമൂഹത്തിന്റെയും രാജ്യത്തിന്റെയും ഉത്തരവാദിത്തമാണെന്നും രേഖ ശര്‍മ പറഞ്ഞു.
തനിക്കെതിരെ നാനാഭാഗത്തു നിന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നതോടെ തിരുത്തുമായി വീണ്ടും ചന്ദ്രമുഖി ദേവി രംഗത്തെത്തി. താന്‍ അത്തരത്തിലൊരു പ്രസ്താവന നടത്തിയിട്ടില്ലെന്നും അങ്ങനെയെന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ചന്ദ്രമുഖി വ്യക്തമാക്കി.
Content Highlights: NCW Member Says Rape Can Be Avoided If Women Don’t Go Outside During Odd Hours