ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലത്തുക വാങ്ങുന്ന വനിതാ അത്ലറ്റുമാരിൽ ഒരാൾ, സമൂഹമാധ്യമത്തിൽ വൻ ആരാധകവൃന്ദങ്ങളുള്ള താരം. ഇങ്ങനെയൊക്കെയാണെങ്കിലും ജപ്പാനിൽ നിന്നുള്ള ടെന്നീസ് താരമായ നവോമി ഒസാകാ ഇന്ന് ഏറ്റവുമധികം വിമർശിക്കപ്പെടുന്നതും സോഷ്യൽമീഡിയയിൽ പങ്കുവച്ച ഒരു ചിത്രത്തിന്റെ പേരിലാണ്. സ്വിംസ്യൂട്ട് ധരിച്ചു നിൽക്കുന്ന നവോമിയുടെ ചിത്രമാണ് വിവാദങ്ങൾക്ക് തിരികൊളുത്തിയത്. സമൂഹമാധ്യമത്തിലൂടെ തന്നെ ഇതിനു ചുട്ടമറുപടി നൽകുകയും ചെയ്തു നവോമി.
സ്വിംസ്യൂട്ട് ധരിച്ചു നിൽക്കുന്ന ചിത്രത്തിനു കീഴെ നിരവധി പേരാണ് നവോമിയെ കുറ്റപ്പെടുത്തി കമന്റ് ചെയ്തത്. മറ്റൊരാളാവാൻ ശ്രമിക്കരുതെന്നും നിഷ്കളങ്കമായ പ്രതിഛായ നിലനിർത്തണമെന്നുമൊക്കെയായിരുന്നു കമന്റുകൾ. സ്വിംസ്യൂട്ട് ധരിച്ചതിന്റെ പേരിൽ തന്നെ കുറ്റപ്പെടുത്തിയവർക്ക് രൂക്ഷമായ ഭാഷയിലൂടെയാണ് നവോമി പ്രതികരിച്ചത്. താനെന്തു വസ്ത്രം ധരിക്കണമെന്നു പറയാൻ അവർക്കാർക്കും അവകാശമില്ലെന്ന് നവോമി പറയുന്നു.
നിങ്ങൾക്ക് എന്നെ അറിയില്ല, ഞാൻ ഇരുപത്തിരണ്ടു വയസ്സുള്ള പെൺകുട്ടിയാണ്. ഞാൻ സ്വിംസ്യൂട്ട് ധരിച്ച് പൂളിലേക്ക് പോകും. ഞാൻ ധരിക്കുന്ന വസ്ത്രത്തെക്കുറിച്ച് കമന്റ്ചെയ്യാമെന്ന് തോന്നുന്നത് എന്തുകൊണ്ടാണ്?- നവോമി ചോദിച്ചു.
I just wanna say it’s creeping me out how many people are commenting @ me to maintain my “innocent image” and “don’t try to be someone your not”. You don’t know me, I’m 22, I wear swimsuits to the pool. Why do you feel like you can comment on what I can wear?
— NaomiOsaka大坂なおみ (@naomiosaka) July 26, 2020
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വിംസ്യൂട്ട് ധരിച്ചു നിൽക്കുന്നതിന്റെ ചിത്രം ഉൾപ്പെടെ നിരവധി ഫോട്ടോഷൂട്ട് ചിത്രങ്ങൾ നവോമി പങ്കുവച്ചിരുന്നു.
ഫോർബ്സ് മാസികയുടെ മേയിൽ പുറത്തുവന്ന കണക്കുകൾ പ്രകാരം ടെന്നീസ്താരം സെറീന വില്യംസിനെയും മറികടന്ന് 37.4 മില്യൺ ഡോളർ വാർഷിക വരുമാനം നേടി ലോകത്തിലെ ഏറ്റവും മികച്ച പ്രതിഫലം പറ്റുന്ന വനിതാ അത്ലറ്റായി മാറിയിരുന്നു നവോമി. കഴിഞ്ഞ പന്ത്രണ്ട് മാസത്തിനുള്ളിൽ സമ്മാനത്തുകയായും പരസ്യങ്ങൾക്കുള്ള പ്രതിഫലത്തുകയായും സെറീനയേക്കാൾ 1.4 മില്യൺ ഡോളർ കൂടുതലും നവോമി നേടിയിരുന്നു.
Content Highlights: Naomi Osaka Upset on Criticism for Swimsuit Pictures