കണ്ണൂർ: ജനിച്ച പെൺകുട്ടിക്ക് ആ വർഷത്തെ മിസ് ഇന്ത്യയുടെ പേരിട്ട അച്ഛനുമ്മമയുടെയും ആഗ്രഹമായിരുന്നു മകളും ഒരിക്കൽ സൗന്ദര്യറാണി കിരീടമണിയണമെന്നത്. അല്പം വൈകിയാണെങ്കിലും മകളും ആ സ്വപ്നത്തിലേക്ക് റാമ്പിലൂടെ ചുവടുവെച്ചു. അങ്ങനെ എറണാകുളത്ത് നടന്ന എഫ്.ഐ. ഇവന്റ്‌സ് മിസ് ആൻഡ് മിസിസ് കേരള മത്സരത്തിൽ മിസിസ് കേരളയായി നമ്രത പ്രകാശ് ദയ്യ കിരീടമണിഞ്ഞു.

30 പ്രൊഫഷണൽ മോഡലുകൾക്കൊപ്പം മത്സരിച്ചായിരുന്നു ഈരംഗത്ത് മുൻപരിചയമില്ലാത്ത നമ്രത വിജയിയായത്. ചെറുപ്പത്തിലേ മോഡലിങ് ഇഷ്ടമായിരുന്നു. പക്ഷേ, ഇതുവരെ അങ്ങനെയൊരു അവസരമുണ്ടായില്ല. കോവിഡ് സമയത്ത് ജോലിയിലുണ്ടായ ഇടവേളയിലാണ് മത്സരത്തിനായി അപേക്ഷിച്ചത്. ഓൺലൈനായി നടന്ന ഓഡിഷനിൽ തിരഞ്ഞെടുക്കപ്പെട്ട 30 പേരിൽ ഒരാളായി. അപ്പോഴും വിജയിയാവുക എന്ന ലക്ഷ്യമില്ലായിരുന്നു. അച്ഛനമ്മമാരുടെയും തന്റെയും ആഗ്രഹം പൂർത്തിയാക്കുക എന്നുമാത്രമാണ് കരുതിയത്. പൂർണപിന്തുണയുമായി ഭർത്താവ് സാഗർ ദയ്യയും ഒപ്പം നിന്നു.

മത്സരത്തിന് തിരഞ്ഞെടുക്കപ്പെട്ടതോടെ യൂടൂബിലും മറ്റും നോക്കി മോഡലിങ്ങിനെയും മത്സരത്തെയും കുറിച്ച് പഠിച്ചു. പിന്നീടാണ് പരിശീലന ക്യാമ്പിലെത്തെിയത്. ഫൈനൽമത്സരത്തിലെ ആദ്യറൗണ്ടിൽ തിരഞ്ഞെടുക്കപ്പെട്ട പത്തുപേരിൽ നമ്രതയുമുണ്ടായിരുന്നു. അവസാനറൗണ്ടിൽ നമ്രത ഉൾപ്പെടെ ആറുപേരാണുണ്ടായിരുന്നത്. മേക്കപ്പും കോസ്റ്റ്യൂമുമണിഞ്ഞ് 24 മണിക്കൂർ നീണ്ട മത്സരത്തിനൊടുവിൽ കീരീടം നമ്രതയെ തേടിയെത്തി.

ഇനിയുള്ള സ്വപ്നം മിസിസ് ഇന്ത്യ, മിസിസ് യൂണിവേഴ്‌സ് പട്ടമാണ്. അതിനായി ഒരുങ്ങുന്ന നമ്രതയ്ക്ക് സ്ത്രീകളോട് പറയാൻ ഒന്നേയുള്ളൂ 'സ്വപ്‌നം കാണൂ, എന്നാൽ മാത്രമേ മുന്നോട്ടുപോകാനാവൂ. വീട്ടമ്മയായോ ഉദ്യോഗസ്ഥയായോ ഞാൻ സന്തോഷവതിയാണെന്ന് കരുതി അവിടെ തന്നെ നിന്നുപോകരുത്.

ധർമടം പാലയാട് സ്വദേശിയായ നമ്രത അന്തർദേശീയ അംഗീകാരമുള്ള മേക്കപ്പ് ആർട്ടിസ്റ്റ് ആണ്. മുൻപ്‌ ഫ്ളൈറ്റ് അന്റൻഡന്റ് ആയാണ് ജോലി ചെയ്തിരുന്നത്. ഭർത്താവിനൊപ്പം അബുദാബിയിലാണ് താമസം. വിമുക്തഭടൻ പി. പ്രകാശന്റെയും അനിതാപ്രകാശന്റെയും മകളാണ്. സഹോദരി അശ്വതി പ്രകാശ് ഗ്രാഫിക് ഡിസൈനറാണ്.

Content Highlights: namrata prakash dayya, mrs kerala mrs kerala 2021, mrs kerala 2021 winner