ന്യൂഡല്‍ഹി: ഇന്ത്യയും പാകിസ്താനും നല്ല സുഹൃത്തുക്കളായി മാറുന്നതാണ് തന്റെ സ്വപ്നമെന്ന് സമാധാന നൊബേല്‍ ജേതാവ് മലാല യൂസഫ് സായ്.

വെര്‍ച്വലായി സംഘടിപ്പിച്ച ജയ്പുര്‍ സാഹിത്യോത്സവത്തിന്റെ സമാപന ദിനത്തില്‍ തന്റെ പുസ്തകം 'ഐ ആം മലാല: ദ സ്റ്റോറി ഓഫ് ദ ഗേള്‍ ഹു സ്റ്റുഡ് അപ് ഫോര്‍ എജ്യുക്കേഷന്‍ ആന്‍ഡ് വാസ് ഷോട്ട് ബൈ ദ താലിബാനെ'ക്കുറിച്ച് സംസാരിക്കുകയായിരുന്നു അവര്‍.

അതിര്‍ത്തികളും ഭിന്നതകളും നിറഞ്ഞ പഴയ തത്ത്വചിന്ത ഇനി പ്രവര്‍ത്തിക്കില്ലെന്നും ഇന്ത്യയിലെയും പാകിസ്താനിലെയും ജനങ്ങള്‍ സമാധാനത്തോടെ ജീവിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെന്നും മലാല ചൂണ്ടിക്കാട്ടി.

ഇരുരാജ്യങ്ങളും സൗഹൃദത്തിലെത്തിയാല്‍ പരസ്പരം രാജ്യങ്ങള്‍ സന്ദര്‍ശിക്കാമെന്നതും എന്റെ സ്വപ്നമാണ്. കലാരൂപങ്ങളും സിനിമകളും ക്രിക്കറ്റ് മത്സരങ്ങളും എല്ലാവര്‍ക്കും ആസ്വദിക്കാനാകും. അവര്‍ പറഞ്ഞു.

പാകിസ്താനോ ഇന്ത്യയോ ആകട്ടെ, എല്ലാരാജ്യങ്ങളിലും ന്യൂനപക്ഷങ്ങള്‍ക്ക് സംരക്ഷണം നല്‍കേണ്ടത് ആവശ്യമാണെന്നും പ്രശ്‌നം മതവുമായി ബന്ധപ്പെട്ടതല്ലെന്നും അധികാരമുള്ളവരുടെ ചൂഷണവുമായി ബന്ധപ്പെട്ടതാണെന്നും മലാല പറഞ്ഞു. ഇന്ത്യയില്‍ ഇന്റര്‍നെറ്റിന് വിലക്കേര്‍പ്പെടുത്തുകയും സമാധാനപരമായി പ്രതിഷേധിക്കുന്നവരെ അറസ്റ്റ് ചെയ്യുകയും ചെയ്‌തെന്ന വാര്‍ത്തകള്‍ ആശങ്കാജനകമാണെന്നും ജനങ്ങളുടെ ശബ്ദം സര്‍ക്കാര്‍ കേള്‍ക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അവര്‍ പറഞ്ഞു.

Content Highlights: My dream is to see India and Pakistan become true good friends, says Malala Yousafzai