കൊല്‍ക്കത്ത: മദര്‍ തെരേസയുടെ നീലക്കരയുള്ള സാരി മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബൗദ്ധിക സ്വത്താണെന്ന് കേന്ദ്ര സര്‍ക്കാര്‍. മദറിനെ കൊല്‍ക്കത്തയുടെ വിശുദ്ധ തെരേസയായി വത്തിക്കാന്‍ പ്രഖ്യാപിച്ച വേളയിലാണ് മദറിന്റെ സാരി ബൗദ്ധിക സ്വത്തായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ചത്. നീലക്കരയുള്ള സാരിയെ ബൗദ്ധിക സ്വത്തായി രേഖപ്പെടുത്തിയതായി ബൗദ്ധിക സ്വത്ത് അറ്റോര്‍ണി ബിശ്വജിത്ത് സര്‍ക്കാര്‍ പറഞ്ഞു.

1948 മുതല്‍ കൊല്‍ക്കത്തയുടെ തെരുവിലൂടെ പാവപ്പെട്ടവരെ സഹായിക്കാനായി മദര്‍ നടന്നപ്പോള്‍ ധരിച്ചിരുന്നത് നീലനിറത്തില്‍ മൂന്നു വരകളുള്ള സാരിയായിരുന്നു. ഏറ്റവും പുറത്തുള്ളതിന് മറ്റ് രണ്ട് വരകളേയും അപേക്ഷിച്ച് വീതി കൂടുതലായിരുന്നു. 2016 സെപ്തംബര്‍ നാലിന് മദറിനെ വിശുദ്ധയായി പ്രഖ്യാപിക്കുന്ന ചടങ്ങില്‍ മിഷണറീസിലെ കന്യാസ്ത്രീകളെല്ലാം എത്തിയത് നീലക്കരയുള്ള സാരിയണിഞ്ഞായിരുന്നു. അതുകൊണ്ടാണ് മദറിന്റെ സാരിയെ ബൗദ്ധിക സ്വത്തായി പ്രഖ്യാപിച്ചതെന്നും ബിശ്വജിത്ത് സര്‍ക്കാര്‍ പറഞ്ഞു.
 
പ്രചാരണത്തില്‍ താല്പര്യമില്ലാത്തതുകൊണ്ട് മിഷണറീസ് ഓഫ് ചാരിറ്റി ഈ വാര്‍ത്ത ഇതുവരെ പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ആ വസ്ത്രം വേണ്ടാത്ത രീതിയില്‍ ഉപയോഗിക്കുന്നത് ശ്രദ്ധയില്‍പ്പെട്ടതുകൊണ്ടാണ് ഇക്കാര്യം വെളിപ്പെടുത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. ആളുകളില്‍ വ്യക്തമായ അവബോധം വരുത്താന്‍ ശ്രമിക്കും. മിഷണറീസ് ഓഫ് ചാരിറ്റിയുടെ തിരിച്ചറിയല്‍ രേഖയാണത്. അത് സംരക്ഷിക്കുക തന്നെ വേണമെന്നും അദ്ദേഹം പറഞ്ഞു. ഇത് ആദ്യമായാണ് ഒരു യൂണിഫോം ബൗദ്ധിക സ്വത്തവകാശ നിയമത്തിന്റെ സംരക്ഷണയില്‍ വരുന്നതെന്നും അദ്ദേഹം പറഞ്ഞു.

1910ല്‍ മാസിഡോണിയയിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് തെരേസ ജനിച്ചത്. സിസ്റ്റര്‍ മേരി തെരേസയായി 1929 നാണ് മദര്‍ ഇന്ത്യയിലെത്തുന്നത്. പിന്നീട് കൊല്‍ക്കത്തയിലെ സെന്റ് മേരീസ് ഗേള്‍സ് ഹൈസ്‌കൂളില്‍ അദ്ധ്യാപികയായി എത്തിയ മദര്‍ 1948ലാണ് പാവപ്പെട്ടവര്‍ക്കിടയിലെ പ്രവര്‍ത്തനം ആരംഭിച്ചത്. ആ വര്‍ഷം മുതലാണ് നീലവരകളുള്ള വെള്ള സാരി മദര്‍ തന്റെ സ്ഥിരം വേഷമായി സ്വീകരിച്ചത്. മിഷണറീസ് ഓഫ് ചാരിറ്റിയുടെ നേതൃത്വത്തില്‍ ഗാന്ധിജി പ്രേം നിവാസിലാണ് നീലക്കരയുള്ള സാരി നെയ്‌തെടുക്കുന്നത്. വര്‍ഷാവര്‍ഷം ഏകദേശം 4000 സാരികള്‍ ഇവിടെ നിന്ന് നെയ്‌തെടുക്കുന്നുണ്ട്.