കൊച്ചി: പഴയൊരു കൊയ്ത്തുപാട്ട് പാടുകയാണ് 76-കാരി മാര്‍ഗ്രറ്റ്. ഒപ്പം കൂട്ടുകാര്‍ താളം പിടിച്ച് ചുവടു വെക്കുന്നു. അടച്ചുപൂട്ടലിന്റെ കാലം കഴിഞ്ഞ് പുറത്തിറങ്ങിയവരുടെ ആഹ്ലാദ നിമിഷങ്ങള്‍. ഫോര്‍ട്ട്കൊച്ചിയിലെ ഗ്രീനിക്‌സ് വില്ലേജ് ഹൗസിലായിരുന്നു പ്രായമായ അമ്മമാരുടെ കൂട്ടായ്മ.

'അടിച്ചുപൊളിക്കാനാണു ഞങ്ങള് വന്നത്. ഈ സന്തോഷം പറഞ്ഞറിയിക്കാനാവില്ല' - മാര്‍ഗ്രറ്റ് പറയുന്നു. മാര്‍ഗ്രറ്റിന്റെ പിറന്നാള്‍ കൂടിയായിരുന്നു വെള്ളിയാഴ്ച. മുളവുകാട് പഞ്ചായത്തിലെ പകല്‍വീട്ടിലെ അന്തേവാസികളായ അമ്പതോളം പേരാണ് വെള്ളിയാഴ്ച ഫോര്‍ട്ട്കൊച്ചിയിലെത്തിയത്. ഒന്നര വര്‍ഷത്തിലേറെയായി വീടുകളില്‍ ഇരിപ്പായ ഇവര്‍ പുറംലോകം കാണാനെത്തിയതാണ്. കുറെക്കാലമായി പകല്‍വീടായിരുന്നു ഇവരുടെ ലോകം. എന്നാല്‍ കൊറോണ വന്നതോടെ, പകല്‍വീട്ടിലും പോകാന്‍ കഴിയാതായി. വീട്ടിലിരുന്നു മടുത്തു.

''ഇങ്ങനെ ഒന്ന് പുറത്തിറങ്ങാനായാല്‍ കൂടുതല്‍ കാലം സന്തോഷത്തോടെ ജീവിക്കാം'' - മാര്‍ഗ്രറ്റ് പറഞ്ഞു. 'ഇത് വല്ലാത്ത ഒരനുഭവമാണ്. സന്തോഷം പറഞ്ഞറിയിക്കാനാവില്ല.' പകല്‍വീട്ടിലെ അംഗമായ വിന്‍സെന്റ് ഡിസില്‍വ പറയുന്നു. അദ്ദേഹവും കുറച്ചുകാലമായി പകല്‍വീട്ടില്‍ വരുന്നുണ്ട്.

ഇങ്ങനെയൊരു കാലം തിരിച്ചുവരുമെന്ന് കരുതിയില്ലെന്ന് അമ്മമാര്‍ പറയുന്നു. മുളവുകാട് നിന്ന് ബോട്ടിലാണ് ഇവര്‍ ഫോര്‍ട്ട്കൊച്ചിയിലേക്കു വന്നത്. ഫോര്‍ട്ട്കൊച്ചിയിലെ ഗ്രീനിക്‌സില്‍ ഇവര്‍ക്ക് ഭക്ഷണം ഒരുക്കിയിരുന്നു. എല്ലാവര്‍ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാനുള്ള സംവിധാനമാണ് ഒരുക്കിയത്. ഭക്ഷണം കഴിഞ്ഞ് തിരികെ ബോട്ടില്‍ കയറിയപ്പോള്‍, വീണ്ടും പാട്ട്. കൂട്ടത്തോടെ നൃത്തം. 'ഒരു 25 വയസ്സ് കുറഞ്ഞപോലെ തോന്നുന്നു. പിരിമുറുക്കം മാറിയതോടെ, മനസ്സിന് നല്ല സുഖം' - ബോട്ടിലേക്ക് കയറുമ്പോള്‍ ഒരമ്മ പറഞ്ഞു.

ബോള്‍ഗാട്ടിയില്‍ ഇറങ്ങിയ ഇവര്‍ അവിടെയും കുറച്ചുനേരം ചെലവിട്ടു. ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എസ്. അക്ബര്‍ മുന്‍കൈ എടുത്താണ് യാത്ര ഒരുക്കിയത്. എറണാകുളം സോഷ്യല്‍ സര്‍വീസ് സൊസൈറ്റിയുടെ കീഴില്‍ പഞ്ചായത്തിന്റെ സഹകരണത്തോടെയാണ് പകല്‍വീട് പ്രവര്‍ത്തിക്കുന്നത്. എണ്‍പതോളം പേര്‍ പകല്‍വീട്ടില്‍ പതിവായെത്തിയിരുന്നു. കൊറോണ വന്നതോടെ ആരും വരാതായി. പിന്നീട് പതിയെ പകല്‍വീട് ഉണര്‍ന്നു. ഇപ്പോള്‍ എല്ലാ ആഴ്ചയിലും ഇവര്‍ ഒത്തുകൂടുന്നുണ്ടെന്ന് കോ-ഓര്‍ഡിനേറ്റര്‍ നോര്‍ബീന ഡിസില്‍വ പറയുന്നു. പകല്‍വീടിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്നത് നോര്‍ബീനയാണ്.

പകല്‍വീട്ടിലെ അംഗങ്ങളേറെയും 70 കഴിഞ്ഞവരാണ്. അഡ്വ. കെ.പി. ഹരിദാസ്, ജില്ലാ പഞ്ചായത്തംഗം അഡ്വ. എല്‍സി ജോര്‍ജ്, വൈസ് പ്രസിഡന്റ് റോസ് മാര്‍ട്ടിന്‍, ബ്ലോക്ക് പഞ്ചായത്തംഗങ്ങള്‍, പഞ്ചായത്തംഗങ്ങള്‍ തുടങ്ങിയവരും ഇവര്‍ക്കൊപ്പം എത്തിയിരുന്നു. യാത്രയും ഭക്ഷണവുമെല്ലാം ഫോര്‍ട്ട്കൊച്ചിയിലെ ഗ്രീനിക്‌സ് വില്ലേജ് ഉടമ സ്റ്റാന്‍ലിയാണ് ഒരുക്കിയത്.

Content highlights: mothers from kochi enjoy one day at fort kochi greenix village house