കോഴിക്കോട്: 22വർഷം മുമ്പാണ് പേരാമ്പ്ര കൂത്താളിയിലെ സരോജിനി മകൾ സജിതയ്ക്ക് തന്റെ വൃക്കകളിലൊന്ന് ദാനം ചെയ്യുന്നത്. അന്ന് 18 വയസ്സായിരുന്ന സജിത അതുവഴി ജീവിതത്തിലേക്ക് മടങ്ങിയെത്തി. 26-ാം വയസ്സിൽ വിവാഹിതയായി, ഇരട്ടക്കുഞ്ഞുങ്ങൾക്ക് അമ്മയുമായി. വൃക്കമാറ്റം ചെയ്ത യുവതിക്ക് ഇരട്ടക്കുട്ടികൾ ജനിക്കുകയെന്ന അത്യപൂർവസംഭവത്തിന് സാക്ഷികളാവുകയായിരുന്നു അന്ന് നാട്.

വർഷങ്ങൾ കടന്നുപോയി, മകൾക്കുവേണ്ടി സ്വന്തം വൃക്കകളിലൊന്നും സമ്പാദ്യത്തിന്റെ മുഴുവൻ പങ്കും ചെലവഴിച്ച സരോജിനിക്കും ഭർത്താവ് റിട്ട. അധ്യാപകൻ ബാലനും കൂട്ടായി ഇന്ന് മകൾ സജിതയില്ലെങ്കിലും തുണയായി അവളുടെ ചോരയിൽപ്പിറന്ന ഇരട്ടക്കുട്ടികൾ കൃഷ്ണമായയും ഋഷികേശുമുണ്ട്.

വൈദ്യശാസ്ത്രംപോലും അതിസങ്കീർണമെന്ന് വിലയിരുത്തിയ പ്രസവത്തിനുശേഷവും സജിത ജീവിച്ചു, പൂർണ ആരോഗ്യവതിയായി നീണ്ട 18 വർഷം. സജിതയുടെ മക്കളിപ്പോൾ സെക്കന്തരാബാദിലാണ്, എൻജിനിയറിങ് പ്രവേശനം കാത്ത് നിൽക്കുന്നു.

സജിതയ്ക്ക് കോഴിക്കോട്ട് പ്രീഡിഗ്രിക്ക് പഠിക്കുമ്പോഴാണ് കാലിൽ നീരുവന്ന് നടക്കാൻ ബുദ്ധിമുട്ടുവരുന്നത്. ആദ്യമൊന്നും ഗൗരവത്തിലെടുത്തില്ലെങ്കിലും പരിശോധനയ്ക്കുശേഷം കോഴിക്കോട് മെഡിക്കൽ കോളേജിലെ അന്നത്തെ പ്രമുഖ നെഫ്രോളജിസ്റ്റ് തോമസ് മാത്യുവാണ് സജിതയുടെ രോഗം തിരിച്ചറിഞ്ഞത്. പിന്നീട് ഡയാലിസിസുകൾ. എന്നാൽ, അതിലൊന്നും സജിതയുടെ ജീവൻ രക്ഷിക്കാൻ സാധിക്കില്ലെന്നതായതോടെ കുടുംബം കോയമ്പത്തൂരിലെ ആശുപത്രിയിലെത്തി. അമ്മ സരോജിനി വൃക്ക ദാനംചെയ്യാൻ തയ്യാറാണെന്നറിയിച്ചതോടെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. പിന്നീട് സജിതയ്ക്കും വൃക്ക നൽകിയ അമ്മയ്ക്കും ആരോഗ്യത്തിന് വലിയ പ്രശ്നങ്ങളില്ലായിരുന്നു.

സജിതയുടെ ആരോഗ്യസ്ഥിതി അറിഞ്ഞുകൊണ്ട് 26-ാം വയസ്സിൽ കൊയിലാണ്ടി സ്വദേശിയായ സതീഷ് നമ്പ്യാർ വിവാഹം കഴിച്ചു. ഇരട്ടക്കുഞ്ഞുങ്ങളായ കൃഷ്ണമായയ്ക്കും ഋഷികേശിനും സജിത ജന്മം നൽകി. ബെംഗളൂരിൽ താമസിക്കവെ ഗർഭപാത്രസംബന്ധമായ ബുദ്ധിമുട്ട് സജിതയ്ക്ക് അനുഭവിക്കേണ്ടിവന്നു. അവിടെയുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച സജിതയെ ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി. എന്നാൽ, വൃക്കമാറ്റിവെച്ച രോഗിയെന്ന ശ്രദ്ധയില്ലാതെ നടത്തിയ ശസ്ത്രക്രിയയിൽ സജിതയുടെ ജീവൻ അപകടത്തിൽപ്പെടുകയായിരുന്നു. ആശുപത്രിക്ക് അത്തരമൊരു പിഴവ് സംഭവിച്ചില്ലായിരുന്നെങ്കിൽ ഞങ്ങളുടെ മകളുണ്ടാകുമായിരുന്നുവെന്നാണ് മാതാപിതാക്കൾ പറയുന്നത്.

അപൂർവസംഭവം

സജിതയ്ക്ക് വൃക്കരോഗമാണെന്ന് കണ്ടെത്തിയിരുന്നു. അന്നുമുതൽ പിന്നീട് അവരുടെ രോഗസംബന്ധമായ പല അവസ്ഥകളിലും ചികിത്സിച്ചു. വൃക്കമാറ്റം ചെയ്ത സ്ത്രീകൾ ഇരട്ടക്കുട്ടികൾക്ക് ജന്മം നൽകുകയെന്നത് അപൂർവമാണ്.

ഡോ എം. തോമസ് മാത്യു
സീനിയർ കൺസൽട്ടന്റ്,
നെഫ്രോളജി വിഭാഗം
ബേബി മെമ്മോറിയൽ ആശുപത്രി