റുതൂണുകളിൽ കെട്ടിയുയർത്തിയ കൂര ഏതുനിമിഷവും പൊളിഞ്ഞുവീഴാം. ഭിത്തിയില്ല. തുണികളും ചാക്കും വലിച്ചുകെട്ടിയും തകരഷീറ്റുകൾ കുത്തിച്ചെരുകിവച്ചും വശങ്ങൾ മറച്ചിട്ടുണ്ട്. വാതിലും ജനാലയുമൊന്നുമില്ല. മേൽക്കൂരയിലെ കമ്പുകൾ ദ്രവിച്ച് ഒടിഞ്ഞുതൂങ്ങുന്നു. മുകളിൽ വലിച്ചുകെട്ടിയിരിക്കുന്ന ടാർപ്പാളിനിൽ ചിലയിടത്തൊക്കെ ദ്വാരം വീണിട്ടുണ്ട്. മഴപെയ്യുമ്പോൾ അതിലൂടെ വെള്ളം ഉള്ളിലേയ്ക്കൊഴുകിയിറങ്ങും.

മുദാക്കൽ പഞ്ചായത്തിലെ ഊരുപൊയ്ക തേമ്പ്രക്കോണം കോളനിയിലെ പ്രവി നിവാസ് എന്ന വീടിന്റെ അവസ്ഥയാണിത്. ഇതിനുള്ളിൽ ഒരമ്മയും മകളും ജീവിക്കുന്നുണ്ട്. പ്രസന്നയും പതിനാറുകാരിയായ മകൾ പ്രവിയും. പ്രസന്നയുടെ ഭർത്താവ് വിശ്വംഭരൻ 15 വർഷം മുമ്പ് മരിച്ചുപോയി.

മുദാക്കൽ പഞ്ചായത്തിൽ നിന്ന് 15 വർഷം മുമ്പ് ഈ കുടുംബത്തിന് വീട് നിർമിക്കാൻ 70,000 രൂപ അനുവദിച്ചിരുന്നു. വീടിന്റെ നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും പൂർത്തിയാകുംമുമ്പ് വിശ്വംഭരൻ മരിച്ചു. മേൽക്കൂര നിർമാണത്തിന്റെ ഘട്ടം വരെയെത്തിയപ്പോഴായിരുന്നു വിശ്വംഭരന്റെ മരണം. അതോടെ വീട് നിർമാണം നിലച്ചു. പഞ്ചായത്തിൽനിന്നു കിട്ടിയതും കൂലിപ്പണിചെയ്തു മിച്ചംപിടിച്ചതും കടംവാങ്ങിയതുമെല്ലാം ചേർത്തായിരുന്നു വിശ്വംഭരൻ വീടിന്റെ ഭിത്തിനിർമാണം പൂർത്തിയാക്കിയത്.

ഭർത്താവിന്റെ മരണത്തെത്തുടർന്ന് കൈക്കുഞ്ഞിനെയുംകൊണ്ട് ജീവിക്കാനുള്ള പരിശ്രമത്തിനിടയിൽ പ്രസന്നയ്ക്കു വീടിനുവേണ്ടി ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. സഹായിക്കാൻ ശേഷിയുള്ള ബന്ധുക്കളുമുണ്ടായിരുന്നില്ല. പാതിവഴിയിൽ നിലച്ച ആ കെട്ടിടം ഒരു ദുഃഖസ്മാരകം പോലെ ഇവിടെയുണ്ട്. വർഷങ്ങളായുള്ള വെയിലും മഴയും മഞ്ഞുമേറ്റ് കട്ടിളകളും ജനലുകളും പോലും ദ്രവിച്ചുപോയ നിലയിലാണതിപ്പോൾ.

പ്രസന്നയ്ക്കു കാഴ്ചക്കുറവുണ്ട്. ശക്തികൂടിയ ലെൻസുള്ള കണ്ണടയുണ്ടെങ്കിൽ മാത്രമേ കാണാനാകൂ. മകൾ പ്രവിക്കും ഇതേ പ്രശ്നമുണ്ട്. വെഞ്ഞാറമൂട് ഗവ. എച്ച്.എസ്.എസിൽ പത്താംക്ലാസിൽ പരീക്ഷയെഴുതുകയാണ് പ്രവി. പ്രസന്നയുടെ വിധവാപെൻഷനും തൊഴിലുറപ്പിൽനിന്നു കിട്ടുന്ന കൂലിയുമാണ് ഈ കുടുംബത്തിന്റെ വരുമാനം. അന്തിയുറങ്ങുന്ന കുടിലിന്റ മുകളിൽ പുതിയൊരു ടാർപ്പാളിൻ വാങ്ങി കെട്ടാൻ പോലുമുള്ള നീക്കിയിരിപ്പ് പ്രസന്നയ്ക്കില്ല.

പ്രസന്നയ്ക്ക് വീട് ലഭ്യമാക്കുന്നതിനുവേണ്ടി പഞ്ചായത്തിനെ സമീപിച്ചിരുന്നതായി വാർഡ് പ്രതിനിധി ടി.എൽ.ഷീബ പറഞ്ഞു. പക്ഷേ, ഒരു പ്രാവശ്യം വീട് നിർമിക്കാൻ സഹായം കൈപ്പറ്റിയിട്ടുള്ള കുടുംബത്തിന് വീണ്ടും ധനസഹായം ലഭ്യമാക്കുന്നതിന് നിയമതടസ്സങ്ങളുണ്ട്. അറ്റകുറ്റപ്പണികൾക്കായി പരമാവധി ഒരു ലക്ഷം രൂപവരെ അനുവദിക്കാൻ കഴിയും. എന്നാൽ, അതുകൊണ്ട് ഇവരുടെ വീട് പൂർത്തിയാക്കാനാകില്ല. സന്മനസ്സുള്ളവരുടെ സഹായം മാത്രമാണ് ഈ കുടുംബത്തിന് ഇനി ആശ്രയം. അതിനുവേണ്ടിയുള്ള ശ്രമങ്ങൾ തുടങ്ങിയിട്ടുണ്ടെന്നും വാർഡ് പ്രതിനിധി പറഞ്ഞു.

മഴ പെയ്ത് ചോർന്നൊലിക്കുന്നതിനാൽ പലരാത്രികളിലും ഉറങ്ങാറില്ലെന്ന് പ്രസന്ന പറയുന്നു. കാറ്റും മഴയും വരുമ്പോൾ പേടിച്ചുവിറച്ചാണ് ഈ അമ്മയും മകളും കഴിയുന്നത്. ഈ കൂരകൂടി പൊളിഞ്ഞുവീണാൽ ഇവർക്ക് കയറിക്കിടക്കാനുള്ള ഇടംകൂടി ഇല്ലാതാകും

Content Highlights:mother and daughter lives in a collapsing home