തിരുവനന്തപുരം: ഒരേകോളേജില്‍ ഒന്നിച്ചുപഠിച്ച അമ്മയും മകളും കോടതിയിലേക്കും ഒന്നിച്ച്. 20 വര്‍ഷം വീട്ടമ്മയായിരുന്ന മറിയം മാത്യു, മകള്‍ സാറാ എലിസബത്ത് മാത്യുവിനോടൊപ്പം വഞ്ചിയൂര്‍ കോടതിയില്‍ വക്കീല്‍ കുപ്പായമണിഞ്ഞ് എത്തുകയാണ്. ഒരു സാധാരണ വീട്ടമ്മയുടെ എല്ലാ തടസ്സങ്ങളെയും ഇച്ഛാശക്തികൊണ്ട് മറികടന്നാണ് മറിയം എല്‍.എല്‍.ബി. പഠനം പൂര്‍ത്തിയാക്കുന്നത്.

മാവേലിക്കര ബിഷപ്പ് മൂര്‍ കോളേജില്‍നിന്നു ബിരുദപഠനം പൂര്‍ത്തിയാക്കിയ മറിയം, വിവാഹശേഷം വീട്ടമ്മയായി കഴിയുകയായിരുന്നു. പത്തനംതിട്ട കൈപ്പട്ടൂര്‍ പള്ളിക്ക വീട്ടില്‍ പ്രവാസിയായ അഡ്വ. മാത്യു പി. തോമസാണ് കായംകുളം സ്വദേശിയായ മറിയത്തിന്റെ ഭര്‍ത്താവ്. മക്കളുടെ പഠനാര്‍ഥം 10 വര്‍ഷത്തോളമായി തിരുവനന്തപുരം മണ്ണന്തലയിലാണ് താമസം.

മകള്‍ സാറ 2016-ല്‍ പഞ്ചവത്സര എല്‍.എല്‍.ബി.ക്ക് തിരുവനന്തപുരം ഗവ. ലോ കോളേജില്‍ ചേര്‍ന്നപ്പോള്‍ മറിയയ്ക്കും നിയമപഠനത്തിനോട് താത്പര്യം തോന്നി.

ഇളയമകന്‍ തോമസ് പി. മാത്യു ബെംഗളൂരുവില്‍ ബിരുദപഠനത്തിനു ചേര്‍ന്നതോടെ മറിയ തന്റെ തുടര്‍പഠനമെന്ന സ്വപ്നം ഗൗരവമായെടുത്തു. എല്‍.എല്‍.ബി. പ്രവേശനപ്പരീക്ഷയെഴുതി. 2018-ല്‍ മകള്‍ മൂന്നാംവര്‍ഷത്തില്‍ എത്തിയപ്പോള്‍ത്തന്നെ മറിയയ്ക്കും ത്രിവത്സര എല്‍.എല്‍.ബി.ക്ക് റഗുലര്‍ ബാച്ചില്‍ പ്രവേശനം ലഭിച്ചു.

പിന്നീടുള്ള മൂന്നുവര്‍ഷവും അമ്മയും മകളും ഒരുമിച്ചാണ് കോളേജിലെത്തിയതും പഠിച്ചതും പരീക്ഷയെഴുതിയതും. മകളുടെ പിന്തുണയും പഠനത്തിനു ലഭിച്ചതായി മറിയ പറയുന്നു. അമ്മയുടെ ആഗ്രഹം സഫലമായതില്‍ സന്തോഷമുണ്ടെന്നാണ് സാറയുടെ അഭിപ്രായം.

പരീക്ഷാഫലം വന്നപ്പോള്‍ ഇരുവര്‍ക്കും ഫസ്റ്റ് ക്ലാസ്. നവംബര്‍ 21-ന് ഇരുവരും ഒരുമിച്ച് അഭിഭാഷകരായി എന്റോള്‍ ചെയ്തു.

Content highlights: mother and daughter enroll as advocates in same day, studied together