കണ്ണൂര്‍: രണ്ടുവര്‍ഷത്തെ സൈനികഭരണകേന്ദ്രത്തിലെ സേവനങ്ങളോട് വിടപറഞ്ഞ് മോണിക്ക ദേവഗുഡി ഇനി സിവില്‍ സര്‍വീസിലേക്ക്.

കണ്ണൂര്‍ കന്റോണ്‍മെന്റ് ബോര്‍ഡ് ചീഫ് എക്‌സിക്യുട്ടീവായ മോണിക്കയ്ക്ക് ഇക്കഴിഞ്ഞ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 75-ാം റാങ്ക് കിട്ടിയെങ്കിലും ഇക്കാര്യം സഹപ്രവര്‍ത്തകര്‍പോലും വൈകിയാണ് അറിഞ്ഞത്. വിജയത്തിന്റെ പേരിലുള്ള പ്രശസ്തിയിലൊന്നും താത്പര്യമില്ലാത്തതുകാരണമാവാം, അവര്‍ അധികമാരോടും പറഞ്ഞതുമില്ല.

ആന്ധ്രാപ്രദേശുകാരിയായ മോണിക്ക രണ്ടുവര്‍ഷമായി സൈനികരംഗത്തെ സിവില്‍ ഉദ്യോഗസ്ഥയാണ്. ആദ്യം ഉത്തരാഖണ്ഡിലെ കന്റോണ്‍മെന്റില്‍ സി.ഇ.ഒ. ആയിരുന്നു. ഒരുവര്‍ഷം മുന്‍പാണ് കണ്ണൂരിലെത്തിയത്.

സ്വകാര്യ കമ്പനി ഉദ്യോഗസ്ഥനായ മധുസൂദന്‍ റെഡ്ഡിയുടെയും സ്വകാര്യ സ്‌കൂള്‍ അധ്യാപിക ഹേമലതയുടെയും രണ്ടാമത്തെ മകളായ മോണിക്ക അവിവാഹിതയാണ്. കാണ്‍പുര്‍ ഐ.ഐ.ടി.യില്‍നിന്ന് എന്‍ജിനീയറിങ് ബിരുദം. തുടര്‍ന്ന് അമേരിക്കയിലെ മേരിലാന്‍ഡ് യൂണിവേഴ്‌സിറ്റിയില്‍നിന്ന് 'പബ്ലിക് പോളിസി'യില്‍ മാസ്റ്റര്‍ ബിരുദവും നേടി. നേരത്തെയെഴുതിയ സിവില്‍ സര്‍വീസ് പരീക്ഷയില്‍ 464-ാം റാങ്ക് കിട്ടി. തുടര്‍ന്നാണ് ഐ.ഡി.ഇ.എസില്‍ (ഇന്ത്യന്‍ ഡിഫെന്‍സ് എസ്റ്റേറ്റ്‌സ് സര്‍വീസ്) നിയമനം കിട്ടിയത്.

മനശ്ശാസ്ത്രത്തില്‍ ബിരുദമുള്ള മോണിക്കയ്ക്ക്, തൊഴിലിന്റെ ഭാഗമായുള്ള മാനസികസംഘര്‍ഷം കുറയ്ക്കുന്നതിനെക്കുറിച്ചും പറയാനുണ്ട്. യോഗപോലുള്ള വ്യായാമമുറകള്‍ മാനസികാരോഗ്യത്തിന് ഫലപ്രദമാണെന്നാണ് അഭിപ്രായം.

കണ്ണൂര്‍ ഇഷ്ടപ്പെട്ടെന്നും ഇവിടത്തെ പ്രകൃതിസൗന്ദര്യം കണ്ടുമതിയായില്ലെന്നും ഇവര്‍ പറഞ്ഞു. ബീച്ചുകളും പാലക്കയംതട്ടും പൈതല്‍മലയും ഒക്കെ കണ്ടു. ഇവിടത്തെ കടലോരവും മലയോരവും ഒരുപോലെ മനോഹരമാണ്.

അച്ഛനെയും അമ്മയെയും ഒരുതവണ കണ്ണൂരില്‍ കൊണ്ടുവന്നിരുന്നു-മോണിക്ക പറഞ്ഞു.

Content highlights: monica will resign from army service and will join civil service