കൊച്ചി: ബിരുദ പഠനത്തിനിടെ 19-ാം വയസ്സില്‍ വിവാഹം. ഡിഗ്രി പഠനം പൂര്‍ത്തിയാക്കും മുമ്പേ അമ്മയുമായി. എന്നിട്ടും മിഥില ജോസ് തന്റെ സ്വപ്നങ്ങള്‍ക്കു കടിഞ്ഞാണിട്ടില്ല. 31-ാം വയസ്സില്‍ മിഥില എത്തിനില്‍ക്കുന്നത് നേട്ടങ്ങളുടെ കൊടുമുടിയില്‍. ലോകമെമ്പാടുമുള്ള മത്സരാര്‍ത്ഥികളുള്ള മിസ്സിസ് യൂണിവേഴ്സ് സൗന്ദര്യ മത്സരത്തില്‍ ഇത്തവണ കസേരയുറപ്പിച്ച ഒരേയൊരു മലയാളി. നവംബര്‍ 27 മുതല്‍ ഡിസംബര്‍ അഞ്ചുവരെ ദക്ഷിണ കൊറിയയിലെ സോളിലാണു മത്സരം.

2019-ലാണ് മിഥില ആദ്യമായി സൗന്ദര്യ ലോകത്തേക്കു പ്രവേശിക്കുന്നത്. ആദ്യ കാല്‍വെപ്പ് പിഴച്ചില്ല. മിസ്സിസ് മലബാറില്‍ ആദ്യ റണ്ണറപ്പായി. 2020-ല്‍ ക്വലാലംപുരില്‍ നടന്ന മിസ്സിസ് ഇന്ത്യാ ഇന്റര്‍നാഷണല്‍ കിരീടം ചൂടി രാജ്യത്തിന് അഭിമാനമായി. 2021-ലെ മിസ്സിസ് ഈസ്റ്റ് ഏഷ്യ യൂണിവേഴ്സ് കിരീടവുമായാണ് ആഗോള പോരാട്ടത്തിലേക്കു പ്രവേശിക്കുന്നത്.

മിസ്സിസ് യൂണിവേഴ്സ് മത്സരം ഓരോ സുപ്രധാന കാരണത്തിനു വേണ്ടിയാണു നിലകൊള്ളാറുള്ളത്. ഈ വര്‍ഷം അവരെ ഒന്നിപ്പിക്കുന്നത് 'അക്രമത്തിനെതിരേ' എന്ന മുദ്രാവാക്യമാണ്. ഇതിന്റെ ഭാഗമായാണ് ഗാര്‍ഹിക പീഡനത്തിനും കുട്ടികള്‍ക്കെതിരായ പീഡനത്തിനുമെതിരേ ഒരു കാമ്പയിന്‍ മിഥില ആരംഭിച്ചത്. സാമൂഹിക പ്രശ്‌നങ്ങളില്‍ ഭയമില്ലാതെ നിലകൊള്ളാനും സംസാരിക്കാനും സ്ത്രീകളെയും കുട്ടികളെയും പ്രാപ്തരാക്കുക എന്നതാണ് ഇതിന്റെ ലക്ഷ്യം. മികച്ച കൗണ്‍സിലര്‍മാരുടെയും അഭിഭാഷകരുടെയും സഹായത്തോടെ മാനസിക സമ്മര്‍ദത്തെ അതിജീവിക്കാനുള്ള അവബോധം പ്രചരിപ്പിക്കുന്നതിലും നിയമ നടപടി സ്വീകരിക്കുന്നതിലും ഈ പദ്ധതി മുന്നിലുണ്ട്.

സാമ്പത്തിക സ്വാതന്ത്ര്യമാണ് ഓരോ സ്ത്രീയുടെയും മുന്നോട്ടുള്ള വഴിയെന്ന് മിഥില വിശ്വസിക്കുന്നു. ഇതിനുള്ള ആത്മവിശ്വാസം നല്‍കാന്‍ വിദ്യാഭ്യാസത്തിനു കഴിയുമെന്നും മിഥില കരുതുന്നു. ഈ വിശ്വാസത്തിലാണ് വിവാഹ ശേഷവും വിദ്യാഭ്യാസം തുടര്‍ന്നത്. സ്വപ്നങ്ങളെ പിന്തുടരാന്‍ മറക്കരുതെന്നും ആത്മാര്‍ത്ഥതയും സത്യസന്ധതയും പുലര്‍ത്തിയാല്‍ അതു നേടാനാവുമെന്നും മിഥില കാണിച്ചുതരുന്നു. വായനയെ സ്‌നേഹിക്കുന്ന മിഥില ശാന്താ ബുക്‌സ് എന്ന ബുക്ക് സ്റ്റോറിന്റെ ഉടമ കൂടിയാണ്.

Content Highlights: Mithila Jose cochin woman in Mrs. Universe