ന്യൂജഴ്‌സി : മിസ് ഇന്ത്യ യുഎസ്എ 2017 കിരീടം ശ്രീസെയ്‌നിക്ക്. വാഷിംഗ്ടണ്‍ യൂണിവേഴ്‌സിറ്റി വിദ്യാര്‍ത്ഥിനിയാണ് ശ്രീസെയ്‌നി. അമ്പതോളം മത്സരാര്‍ത്ഥികള്‍ മാറ്റുരച്ച മത്സരത്തില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥിനിയായ പ്രാചി സിങ്ങാണ് ഫസ്റ്റ് റണ്ണര്‍അപ്പും നോര്‍ത്ത് കരോലിന ഫരീന സെക്കന്‍ഡ് റണ്ണറപ്പുമായി. 

പഞ്ചാബില്‍ വേരുകളുള്ള ശ്രീസെയ്‌നി ഏഴുവയസ്സുള്ളപ്പോഴാണ് അമേരിക്കയിലേക്ക് കുടിയേറുന്നത്. സ്‌കൂള്‍ കാലഘട്ടത്തിനിടയില്‍ വലിയ വംശീയവിദ്വേഷം അനുഭവിക്കേണ്ടി വന്നിട്ടുണ്ട്. കയ്‌പേറിയ അനുഭവങ്ങളെ കുറിച്ച് മറ്റുള്ളവരെ ബോധവല്‍ക്കരിക്കുന്നതിന് വേണ്ടി സ്വന്തമായി ഒരു വെബ്‌സൈറ്റ് തന്നെ ഇവര്‍ ആരംഭിച്ചിരുന്നു. 

സേവനത്തിന് വേണ്ടിയാണ് തന്റെ ജീവിതം ഉഴിഞ്ഞുവെച്ചിരിക്കുന്നതെന്നും സമൂഹത്തില്‍ വേദനയും അവഗണനയും അനുഭവിക്കുന്നവരോടൊപ്പമാണ് താനെന്നും വെബ്‌സൈറ്റില്‍ സെയ്‌നി അഭിപ്രായപ്പെടുന്നു.