അഗളി: സൗന്ദര്യമത്സരത്തിൽ മാറ്റുരയ്ക്കാൻ അട്ടപ്പാടി ചൊരിയനൂരിൽനിന്നൊരു ഗോത്രസുന്ദരി. തൃശ്ശൂരിൽ നടക്കുന്ന മിസ് കേരള ഫിറ്റ്നസ് ഫാഷന്റെ ഫൈനൽ റൗണ്ടിലേക്ക് അട്ടപ്പാടി ആദിവാസി ഇരുളവിഭാഗത്തിലെ പി. അനുപ്രശോഭിനി തിരഞ്ഞെടുക്കപ്പെട്ടു.

ഗോത്രവിഭാഗത്തിൽനിന്ന്‌ മിസ് കേരള ഫിറ്റ്നസ് ഫാഷനിൽ പങ്കെടുക്കുന്ന സംസ്ഥാനത്തെ ആദ്യത്തെ ആളാണ് അനുപ്രശോഭിനി. പാലക്കാട് മോയൻ സ്കൂളിലെ പ്ലസ് ടു വിദ്യാർഥിനിയാണ്. ഡിസംബർ അവസാനത്തോടെയായിരിക്കും ഫൈനൽ മത്സരം. പ്രിയനന്ദനന്റെ ധബാരി കുരുവിയെന്ന ആദിവാസികൾമാത്രം അഭിനയിക്കുന്ന സിനിമയിൽ പ്രധാനവേഷം ചെയ്യുന്നുണ്ട്.

അനുപ്രശോഭിനിയുടെ അച്ഛൻ പഴനിസ്വാമി മണ്ണാർക്കാട് വനംവകുപ്പ് ജീവനക്കാരനാണ്. അയ്യപ്പനും കോശിയും എന്ന സിനിമയിൽ അഭിനയിച്ചിട്ടുണ്ട്. അമ്മ ബി.ശോഭ എസ്.ടി. പ്രൊമോട്ടറാണ്. അനിയൻ ആദിത്യൻ മട്ടത്തുക്കാട് ബഥനി സ്കൂളിലെ ഒമ്പതാംക്ലാസ്‌ വിദ്യാർഥിയാണ്.

Content Highlights: miss kerala, miss kerala fitness fashion,anu prashobhini, beauty contest