ആറ്റിങ്ങല്‍: അക്ഷരങ്ങളും വാക്കുകളും മാത്രമല്ല, ഭാവനയില്‍ വിരിഞ്ഞ കഥകളും തലതിരിച്ചെഴുതി ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സില്‍ ഇടംനേടിയിരിക്കുകയാണ് പൂവണത്തുംമൂട് ഇന്ദ്രപ്രസ്ഥത്തില്‍ നിറ്റിരാജ്. നാല് ചെറുകഥകള്‍, 19 മിനിക്കഥകള്‍, 30 ഒറ്റവരിക്കഥകള്‍ എന്നിവ തിരിച്ചെഴുതിയാണ് വീട്ടമ്മയായ നിറ്റി അപൂര്‍വനേട്ടം സ്വന്തമാക്കിയത്.

കോളേജില്‍ പഠിക്കുന്ന കാലംമുതല്‍ നിറ്റിരാജ് കഥകളും കവിതകളും എഴുതിയിരുന്നു. അതെല്ലാം സാധാരണനിലയിലുള്ള എഴുത്തായിരുന്നു. അവിചാരിതമായി ടെലിവിഷനില്‍നിന്നു കണ്ണാടിയില്‍ പതിഞ്ഞ വാക്ക് അതേപടി എഴുതി നോക്കിയതിലൂടെയാണ് മിറര്‍ റൈറ്റിങ്ങില്‍ താത്പര്യം തോന്നിയത്. പിന്നീട് ഇത് പരിശീലിക്കാന്‍ തുടങ്ങി. ലോക്ഡൗണ്‍ കാലത്താണ് ഈ തിരിച്ചെഴുത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചത്. ഈ സമയത്ത് കൂടുതല്‍ എഴുതി. തുടര്‍ന്ന് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സിലേക്ക് അപേക്ഷിച്ചു. അതില്‍ അംഗീകാരവും ലഭിച്ചു. മിറര്‍ റൈറ്റിങ്ങില്‍ ഗിന്നസ് നേട്ടമാണ് നിറ്റിയുടെ ലക്ഷ്യം. അതിലേക്കുള്ള ആദ്യപടിയായാണ് ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്സ് എന്ന് നിറ്റി പറയുന്നു.

തിരിച്ചെഴുത്തില്‍ മാത്രമല്ല, ഫാബ്രിക് പെയിന്റിങ്, മിറര്‍ പെയിന്റിങ്, ത്രീഡി പെയിന്റിങ്, ബോട്ടില്‍ ആര്‍ട്ട്, തുടങ്ങിയവയിലും നിറ്റിക്ക് പ്രാവീണ്യമുണ്ട്. റെന്‍സി രമേശാണ് നിറ്റിയുടെ ഭര്‍ത്താവ്. കുടുംബത്തില്‍നിന്നുള്ള മികച്ച പ്രോത്സാഹനമാണ് തന്റെ നേട്ടത്തിനു പിന്നിലെന്ന് നിറ്റി പറയുന്നു.

Content Highlights: Mirror writing ,Nitiraj  in India Book of Records