ഐഫോണിലെ ചിത്രങ്ങളും വീഡിയോകളും നഷ്ടപ്പെട്ടതിന്റെ നിരാശയിൽ ട്വീറ്റ് പങ്കുവച്ച് പ്രതിരോധത്തിലായി തൃണമൂൽ കോൺ​ഗ്രസ് എംപി മിമി ചക്രബർത്തി. ഐഫോണിലെ ​ഗാലറിയിലുണ്ടായിരുന്ന ചിത്രങ്ങളും വീഡിയോകളും ഡിലീറ്റ് ആയതിന്റെ നിരാശയിൽ പങ്കുവെച്ച ട്വീറ്റിനു പിന്നാലെ വിമർശന പെരുമഴയാണ് മിമി നേരിട്ടത്. 

ഏഴായിരം ഫോട്ടോകളും അഞ്ഞൂറു വീഡിയോകളും നഷ്ടപ്പെട്ടു എന്നു പറഞ്ഞായിരുന്നു മുപ്പത്തിരണ്ടുകാരിയായ മിമി ട്വീറ്റ് പങ്കുവെച്ചത്. ​ഗാലറിയിൽ നിന്ന് എല്ലാം നഷ്ടമായെന്നും പൊട്ടിക്കരയണോ എന്നുപോലും അറിയില്ലെന്നും മിമി കുറിച്ചു. അവ തിരികെ ലഭിക്കാൻ കഴിയുന്നതെല്ലാം ശ്രമിച്ചെങ്കിലും അതൊന്നും ഫലം കണ്ടില്ല. ആപ്പിളിനെയും ഐഫോണിനെയും ടാ​ഗ് ചെയ്ത് മിമി ട്വീറ്റ് ചെയ്തു. മടുപ്പു തോന്നുന്നുവെന്നും മിമി കുറിക്കുകയുണ്ടായി.

ചിലരൊക്കെ മിമിക്ക് ചിത്രങ്ങൾ തിരികെ നേടിയെടുക്കാനുള്ള വഴികൾ പങ്കുവെച്ചെങ്കിലും ഭൂരിഭാ​ഗം പേരും മിമിക്ക് വിമർശനവുമായെത്തി. മഹാമാരിയും പേമാരിയും മൂലം നാടാകെ ദുരിതത്തിലായ കാലത്ത് എംപി ആശങ്കപ്പെടുന്നത് സ്വന്തം ഫോണിലെ ​ഗാലറി ശൂന്യമായതിനെക്കുറിച്ചാണ് എന്നു പറഞ്ഞാണ് പലരും ട്വീറ്റ് പങ്കുവെച്ചത്. 

ആയിരങ്ങൾ സ്കൂളുകൾ ഉപേക്ഷിക്കാൻ നിർബന്ധിതരായി, ജോലി നഷ്ടപ്പെട്ടു, വിശപ്പ് നേരിടുന്നു. പക്ഷേ എംപി മാഡം അവരുടെ ചിത്രങ്ങളും വീഡിയോകളും ഓർത്തു മാത്രം ആശങ്കപ്പെടുകയാണ്. ടിക്ടോക് വീഡിയോകളും റീലുകളും പങ്കുവെക്കാൻ കഴിയാത്തതിനാൽ ഏറെ വേദനിച്ചുകാണും- ശുഭാ മിത്ര എന്നയാൾ ട്വീറ്റ് ചെയ്തു.

വെള്ളപ്പൊക്കത്തിലും മഴയിലും കൊടുങ്കാറ്റിലും കോവിഡിലും ജനങ്ങൾ എല്ലാം നഷ്ടപ്പെട്ടിരിക്കുകയാണ്. അവരെ പിന്തുണയ്ക്കുകയോ അവർക്ക് വേണ്ടി എന്തെങ്കിലും പറയുകയോ ചെയ്യാതെ തിരഞ്ഞെടുക്കപ്പെട്ട ഒരു പ്രതിനിധി ഇപ്രകാരം ട്വീറ്റ് ചെയ്യുന്നതുകണ്ട് കരയണോ ചിരിക്കണോ എന്നറിയാതെ ഇരിക്കുകയാണ് അവർ- മറ്റൊരാൾ ട്വീറ്റ് ചെയ്തു.

അഭിനേത്രിയായ മിമി 2019ലാണ് യാദവ്പൂരിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്നത്. സമൂഹമാധ്യമത്തിൽ നിരന്തരം ചിത്രങ്ങളും വീഡിയോകളും പങ്കുവെച്ച് സജീവമാകാറുമുണ്ട് മിമി.

Content Highlights: mimi chakraborty tweet, mimi chakraborty videos, mimi chakraborty social media, mimi chakraborty politics